facebook

തോൾവേദനയെ തോൽപ്പിച്ച് മോഹനൻ; കപ്പലണ്ടി വറുക്കാൻ ഇനി മോട്ടോർ

2 Min Read

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് മുന്നിലെ മോഹനന്റെ കപ്പലണ്ടി വണ്ടിയിൽ ഇനി സാങ്കേതികവിദ്യയുടെ സഹായം. ചീനച്ചട്ടിയിൽ കപ്പലണ്ടി തനിയെ ഇളക്കി വറുക്കുന്ന മോട്ടോർ സംവിധാനം ഒരുക്കിയാണ് 61കാരനായ മോഹനൻ ശ്രദ്ധ നേടുന്നത്. 

നാലു പതിറ്റാണ്ടിലേറെ നീണ്ട കച്ചവടത്തിനിടെ പിടിപെട്ട കടുത്ത തോൾവേദനയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ഈ വേറിട്ട സംവിധാനത്തിന് പിന്നിൽ.

തോൾവേദനയ്ക്ക് പരിഹാരമായി മോട്ടോർ സംവിധാനം

ആലുവ മാറമ്പിള്ളി ആലുങ്കപ്പറമ്പ് വീട്ടിൽ മോഹനൻ 19-ാം വയസിലാണ് കപ്പലണ്ടി കച്ചവടം ആരംഭിച്ചത്. ഇത്രയും വർഷം ചട്ടുകം ഉപയോഗിച്ച് കൈകൊണ്ട് കപ്പലണ്ടി ഇളക്കി വറുത്തെടുക്കുകയായിരുന്നു പതിവ്.

എന്നാൽ തുടർച്ചയായുള്ള ഈ ജോലിമൂലം തോൾവേദന രൂക്ഷമായതോടെ പഴയ രീതിക്ക് പകരം സംവിധാനം കണ്ടെത്താൻ തീരുമാനിച്ചു. ചീനച്ചട്ടിക്കുള്ളിൽ കറങ്ങുന്ന ഇരുമ്പുപാത്തി ഘടിപ്പിച്ച് കപ്പലണ്ടി സ്വയം ഇളക്കുന്ന രീതിയാണ് അദ്ദേഹം വികസിപ്പിച്ചത്.

ഇതോടെ കപ്പലണ്ടി ചട്ടിയിലിട്ട് പാകമാകുമ്പോൾ കോരിയെടുത്ത് പൊതിയുക എന്ന ജോലിയിലേക്ക് മോഹനന്റെ അധ്വാനം ചുരുങ്ങി.

ഫാനിന്റെ മോട്ടോറിൽ തുടങ്ങി; ഒടുവിൽ 2,700 രൂപയുടെ സംവിധാനം

ആദ്യഘട്ടത്തിൽ ഫാനിന്റെ മോട്ടോർ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. എന്നാൽ അമിത വേഗത കാരണം ആ ശ്രമം വിജയിച്ചില്ല. തുടർന്ന് പതിയെ കറങ്ങുന്ന മോട്ടോർ 2,700 രൂപയ്ക്ക് വാങ്ങി ഉന്തുവണ്ടിയിൽ ഘടിപ്പിക്കുകയായിരുന്നു.

മോട്ടോർ പ്രവർത്തിപ്പിക്കാൻ പേഴ്സണൽ ലോൺ എടുത്ത് മിനി ഇൻവെർട്ടറും വാങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ ഇൻവെർട്ടർ വീട്ടിലെത്തിച്ച് ചാർജ് ചെയ്താൽ മതിയാകും.

നാലാം ക്ലാസ് വരെ മാത്രമാണ് മോഹനൻ പഠിച്ചിട്ടുള്ളത്. എന്നാൽ ജീവിതാനുഭവങ്ങളിൽനിന്ന് ലഭിച്ച അറിവും പരീക്ഷണങ്ങളുമാണ് ഈ സംവിധാനത്തിന് വഴിയൊരുക്കിയത്.

ദിവസം ആറുകിലോ വരെ കപ്പലണ്ടി വിൽപ്പന

ശരാശരി ഒരു ദിവസം ആറുകിലോ വരെ കപ്പലണ്ടി മോഹനൻ വിൽക്കുന്നുണ്ട്. 20 രൂപയുടേതാണ് ഒരു പൊതി. കപ്പലണ്ടിക്ക് പുറമെ മസാലക്കടല, ഗ്രീൻപീസ്, പരിപ്പുകടല എന്നിവയും വിൽപ്പനയ്ക്കുണ്ട്.

ദിവസം ഏകദേശം 1,000 രൂപ മിച്ചം ലഭിക്കുന്നുണ്ടെങ്കിലും കപ്പലണ്ടിയുടെ വില വർധിക്കുന്നത് കച്ചവടത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് മോഹനൻ പറയുന്നു.

കൈയ്ക്ക് വിശ്രമം; കച്ചവടം തുടരാൻ പുതിയ വഴി

ചട്ടുകംകൊണ്ട് തുടർച്ചയായി ഇളക്കിയിരുന്നതാണ് തോൾവേദന വർധിക്കാൻ കാരണമായതെന്ന് മോഹനൻ പറയുന്നു. മോട്ടോർ സംവിധാനം വന്നതോടെ കൈയ്ക്ക് നല്ല വിശ്രമം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുഷ്പയാണ് ഭാര്യ. മക്കൾ ശരണ്യയും ശരത്തും. ആരോഗ്യപ്രശ്നത്തിന് മുന്നിൽ കച്ചവടം ഉപേക്ഷിക്കാതെ സ്വന്തം അനുഭവവും ചെറിയൊരു സാങ്കേതിക പരീക്ഷണവും ഉപയോഗിച്ച് മുന്നോട്ടുപോകുകയാണ് മോഹനൻ.

English Summary

Mohan, a 61-year-old peanut vendor selling in front of Kaloor Stadium in Kochi, has fitted an electric motor-powered mechanism to his cart to roast peanuts. After developing severe shoulder pain from manually stirring peanuts for over four decades, he designed a rotating iron mechanism inside the roasting pan. A slow-speed motor costing ₹2,700 and a mini inverter now help him continue his business with less physical strain.

Share This Article