facebook

ശബരിമല മണ്ഡലകാലം നാളെ തുടങ്ങും; ഇന്ന് വൈകിട്ട് നടതുറക്കും

2 Min Read

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് (നവംബർ 16) വൈകിട്ട് തുറക്കും. 

വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കുക. വൃശ്ചികം ഒന്നായ നാളെ മുതൽ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുന്നതോടെ മണ്ഡലകാല പൂജകൾ ആരംഭിക്കും.

ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല നടതുറക്കും

നടതുറന്നശേഷം നിലവിലെ മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും. തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിക്കും.

ശബരിമല മേൽശാന്തിയായി ചുമതലയേൽക്കുന്ന സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപം ഇരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കുന്നതാണ് പ്രധാന ചടങ്ങ്. തുടർന്ന് എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും അവരോധിക്കും.

വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ നടതുറക്കും

നവംബർ 17ന് പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നടകൾ തുറക്കുക. ഇതോടെ മണ്ഡലകാലത്തെ പതിവ് പൂജകൾക്കും തീർത്ഥാടനത്തിനും തുടക്കമാകും.

സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായും എ. ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും നേരത്തേ തിരഞ്ഞെടുത്തിരുന്നു.

ഡിസംബർ 27ന് മണ്ഡലപൂജ

ഡിസംബർ 27നാണ് മണ്ഡലപൂജ. തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പദർശനത്തിന് ശേഷമാണ് മണ്ഡലപൂജാ ചടങ്ങുകൾ നടക്കുക. പൂജകൾ പൂർത്തിയാക്കി അന്നേദിവസം രാത്രി ക്ഷേത്രനട അടയ്ക്കും.

തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി വിവിധ ഭാഗങ്ങളിൽനിന്ന് അയ്യപ്പഭക്തർ ശബരിമലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

English Summary:

The Sabarimala temple will open at 5 pm on November 16 for the 2026 Mandala pilgrimage season. Thantri Kandarar Brahmadathan and current Melshanthi E.D. Prasad Namboothiri will conduct the opening rituals. Subrahmanyan Sankaran Namboothiri and A. Damodaran Namboothiri will be installed as the new chief priests of Sabarimala and Malikappuram respectively. The new priests will open the temple doors at 3 am on November 17. Mandala Pooja is scheduled for December 27, while the Makaravilakku festival begins on December 30, with Makaravilakku on January 14, 2027.

Share This Article