facebook

കുട്ടികൾക്ക് മുന്നിൽ മാതാപിതാക്കളുടെ മദ്യപാനം; ആശങ്കയുമായി ശിശുക്ഷേമ സമിതി

3 Min Read

കൊല്ലം: വീടുകളിൽ ചെറിയ കുട്ടികൾക്ക് മുന്നിൽ മാതാപിതാക്കൾ ഒരുമിച്ച് മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്നതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ.

 മദ്യലഹരിയിൽ അച്ഛൻ കുട്ടികളെ ഉപദ്രവിക്കുമ്പോൾ ലഹരിയിലായ അമ്മ തടയാൻ പോലും ശ്രമിക്കാത്ത സംഭവങ്ങളുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളുടെ സുരക്ഷ, പഠനം, ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഇത്തരം സാഹചര്യങ്ങൾ ആശങ്ക ഉയർത്തുകയാണ്.

കുട്ടികൾക്ക് മുന്നിൽ മാതാപിതാക്കളുടെ മദ്യപാനം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലും ഉന്നതികളിലുമാണ് കുട്ടികൾക്ക് മുന്നിൽ രക്ഷിതാക്കൾ ലഹരി ഉപയോഗിക്കുന്ന സംഭവങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെടുന്നതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറയുന്നു.

കൂലിപ്പണിക്ക് പോകുന്ന മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം രാത്രികാലങ്ങളിൽ മദ്യപിക്കുന്നതാണ് പല കുടുംബങ്ങളിലെയും രീതി. 

ഇത്തരം വീടുകളിലെ കുട്ടികൾ സ്കൂളിൽ കൃത്യമായി പോകാത്ത സാഹചര്യങ്ങളുമുണ്ട്. വീട്ടിലെ അന്തരീക്ഷം കുട്ടികളെയും ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പുനലൂരിലും തെന്മലയിലും കുട്ടികൾക്ക് നേരെ അതിക്രമം

പുനലൂരിലെ ഒരു ഉന്നതിയിലുള്ള വീട്ടിൽ രാത്രികാലങ്ങളിൽ കുട്ടികളുടെ നിലവിളി പതിവായി കേൾക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പരിശോധന നടത്തിയത്.

 വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും മദ്യലഹരിയിൽ കുട്ടികളെ ഉപദ്രവിക്കുന്ന സാഹചര്യമാണുണ്ടായിരുന്നതെന്ന് അധികൃതർ പറയുന്നു.

തെന്മലയിലെ മറ്റൊരു ഉന്നതിയിലും സമാനമായ സാഹചര്യത്തിൽ കഴിയുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. 

തെന്മല ബസ് സ്റ്റാൻഡിന് സമീപം അടുത്തിടെ മദ്യലഹരിയിൽ ഏറ്റുമുട്ടിയ ദമ്പതികൾ കുട്ടികളെയും ഉപദ്രവിച്ചതായും റിപ്പോർട്ടുണ്ട്.

ഭാര്യയെയും മദ്യപാനത്തിലേക്ക് നയിക്കുന്ന സാഹചര്യം

ചില കുടുംബങ്ങളിൽ ഭർത്താവ് ഭാര്യയ്ക്കും മദ്യം നൽകുന്നതോടെയാണ് ഇരുവരും ഒരുമിച്ച് ലഹരി ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഭാര്യയും മദ്യത്തിന് അടിമപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.

ഭർത്താവ് വീട്ടിൽ മദ്യം സൂക്ഷിക്കുന്നതും ഭാര്യ രഹസ്യമായി ഉപയോഗിക്കാൻ തുടങ്ങുന്നതും ഇത്തരം കുടുംബങ്ങളിൽ കാണുന്ന പ്രവണതകളാണ്.

 ഭർത്താവിനോടുള്ള വാശിയിലും ചില സ്ത്രീകൾ ലഹരി ഉപയോഗിക്കുന്നതായി അധികൃതർ പറയുന്നു.

വീടുകൾ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ വിൽപ്പനയും പ്രശ്നം രൂക്ഷമാക്കുന്ന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുട്ടികളുടെ പഠനവും ആരോഗ്യവും അവഗണിക്കപ്പെടുന്നു

മാതാപിതാക്കൾ രണ്ടുപേരും ലഹരി ഉപയോഗിക്കുന്ന വീടുകളിൽ കുട്ടികളുടെ പഠനകാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല.

 ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ആശുപത്രിയിലെത്തിച്ചാലും ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി വാങ്ങി നൽകാത്ത സംഭവങ്ങളുമുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറയുന്നു.

രാത്രികാലങ്ങളിൽ മാതാപിതാക്കൾ മദ്യലഹരിയിൽ ബഹളമുണ്ടാക്കുന്നതോടെ കുട്ടികളുടെ പഠനവും ഉറക്കവും തടസ്സപ്പെടുന്നു. കുടുംബത്തിലെ നിരന്തരമായ സംഘർഷങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെയും വളർച്ചയെയും ബാധിക്കുന്ന സാഹചര്യമാണുള്ളത്.

കുട്ടികൾക്കൊപ്പം അമ്മമാരെയും സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുന്നു

മാതാപിതാക്കൾ മദ്യലഹരിയിൽ പരസ്പരം ഏറ്റുമുട്ടുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കുട്ടികളെ മാത്രമല്ല, അമ്മമാരെയും നിർബന്ധപൂർവം സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുന്നുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ വ്യക്തമാക്കുന്നു.

കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ കുടുംബങ്ങളിലെ ലഹരി ഉപയോഗവും അതിനെ തുടർന്നുള്ള അതിക്രമങ്ങളും ഗൗരവത്തോടെ കാണേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

English Summary

Child Welfare Committee officials in Kollam have raised concerns over parents consuming alcohol and other intoxicants in front of young children. Officials say some intoxicated parents physically abuse their children, while their education and healthcare are neglected. Complaints from Punalur and Thenmala have led to interventions, including taking children into protective care. In some cases, mothers also need to be moved to safety.

Share This Article