ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് ഇറ്റലിയിൽ 805 മില്യൺ യൂറോ (ഏകദേശം 887 മില്യൺ ഡോളർ) പിഴ.
ആൻഡ്രോയിഡ് ഫോണുകളിലെ ഫോട്ടോകളും വീഡിയോകളും മതിയായ വ്യക്തമായ സമ്മതമില്ലാതെ ആക്സസ് ചെയ്തെന്നാണ് ഇറ്റാലിയൻ ഡേറ്റാ സംരക്ഷണ അതോറിറ്റിയായ ഗാരന്റെയുടെ കണ്ടെത്തൽ.
ഏകദേശം രണ്ട് കോടി ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന വിഷയത്തിലാണ് നടപടി.
ഫോണിലെ ഫോട്ടോ ഗാലറിയിലേക്ക് അനുമതിയില്ലാതെ പ്രവേശനം
ഫേസ്ബുക്ക് ബ്രൗസ് ചെയ്യുമ്പോൾ ഫോണിലെ ഗാലറിയിലുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളായി പങ്കുവയ്ക്കാൻ നിർദേശിക്കുന്ന ഫീച്ചറാണ് വിവാദമായത്.
‘Get suggestions from gallery when browsing Facebook’ എന്ന ഈ സൗകര്യം 2023 മുതൽ ലഭ്യമായിരുന്നു.
ഫീച്ചർ പ്രവർത്തിപ്പിക്കാൻ ഫേസ്ബുക്ക് ആപ്പ് ആവശ്യപ്പെട്ട അനുമതി ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന പൊതുവായ അനുമതിയായിരുന്നുവെന്നാണ് ഗാരന്റെയുടെ കണ്ടെത്തൽ.
ഗാലറിയിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് വ്യക്തമായ വിവരം നൽകിയിരുന്നില്ലെന്നും ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തനക്ഷമമായിരുന്നുവെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇറ്റലിയിലെ ഏകദേശം രണ്ട് കോടി ആൻഡ്രോയിഡ് ഉപയോക്താക്കളെ ഈ നടപടി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
60 ദിവസത്തിനകം മാറ്റം വരുത്തണമെന്ന് നിർദേശം
യൂറോപ്യൻ യൂണിയന്റെ ഇ-പ്രൈവസി നിർദേശങ്ങൾ നടപ്പാക്കുന്ന ഇറ്റാലിയൻ നിയമങ്ങൾ ലംഘിച്ചെന്നാണ് ഗാരന്റെയുടെ കണ്ടെത്തൽ.
കേസിൽ ഇറ്റലിക്ക് അധികാരമില്ലെന്ന മെറ്റയുടെ വാദവും അതോറിറ്റി തള്ളി. ഇത്തരം കേസുകളിൽ അയർലൻഡ് ഡേറ്റാ സംരക്ഷണ അതോറിറ്റിക്ക് മാത്രമാണ് അധികാരമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
അടുത്ത 60 ദിവസത്തിനകം വിവാദ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കുകയും അത് ഉപയോഗിക്കാൻ പ്രത്യേകവും വ്യക്തവുമായ സമ്മതം തേടുകയും വേണമെന്ന് മെറ്റയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം അനുമതി നൽകിയ ഉപയോക്താക്കൾക്കും ഈ വ്യവസ്ഥ ബാധകമാണ്.
പിഴയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ
അതോറിറ്റിയുടെ കണ്ടെത്തലുകളോടും പിഴത്തുകയോടും ശക്തമായ വിയോജിപ്പുണ്ടെന്ന് മെറ്റ വ്യക്തമാക്കി. പിഴയ്ക്കെതിരെ അപ്പീൽ നൽകുമെന്നും കമ്പനി അറിയിച്ചു.
ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിൽ എളുപ്പത്തിൽ പങ്കുവയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഫീച്ചറാണിതെന്നാണ് മെറ്റയുടെ വിശദീകരണം. ഉപയോക്താക്കൾ ഫോണിൽ അനുമതി നൽകിയാൽ മാത്രമേ ഫീച്ചർ പ്രവർത്തിക്കൂവെന്നും സെറ്റിങ്സിലൂടെ എപ്പോൾ വേണമെങ്കിലും അനുമതി മാറ്റാമെന്നും കമ്പനി വക്താവ് പറഞ്ഞു.
എഐ പരിശീലനവുമായി ബന്ധപ്പെട്ട അന്വേഷണം വേറെയായിരിക്കും
2025 ജൂലൈയിലാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. എന്നാൽ, ഉപയോക്താക്കളുടെ ഗാലറിയിലെ ചിത്രങ്ങളും വീഡിയോകളും എഐ മോഡലുകളുടെ പരിശീലനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം ഈ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. അത്തരത്തിൽ ഉപയോഗിച്ചെന്ന ആരോപണം മെറ്റ നിഷേധിച്ചിട്ടുണ്ട്.
2026ൽ അവതരിപ്പിച്ച ഗാലറി വിവരങ്ങൾ ക്ലൗഡിൽ പ്രോസസ് ചെയ്യുന്ന പുതിയ ഫീച്ചറിനെക്കുറിച്ച് പ്രത്യേക പരിശോധന നടത്താനുള്ള സാധ്യതയും ഗാരന്റെ വ്യക്തമാക്കിയിട്ടുണ്ട്.
തുടർച്ചയായ രണ്ടാം മാസവും മെറ്റയ്ക്ക് വൻ പിഴ
തുടർച്ചയായ രണ്ടാം മാസമാണ് മെറ്റയ്ക്ക് വലിയ സാമ്പത്തിക പിഴ നേരിടേണ്ടിവരുന്നത്. 2026 ഒക്ടോബർ 21ന് ന്യൂ മെക്സിക്കോയിലെ കോടതി ഉപയോക്താക്കളുടെ ഡേറ്റയും സ്വകാര്യതയും സംബന്ധിച്ച തെറ്റായ വിവരങ്ങൾ നൽകിയെന്ന കേസിൽ മെറ്റയ്ക്ക് 25 ബില്യൺ ഡോളർ പിഴ വിധിച്ചിരുന്നു. ആ വിധിക്കെതിരെയും അപ്പീൽ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
English Summary
Italy’s Data Protection Authority has fined Meta Platforms Ireland €805 million for accessing Android users’ photos, videos and related metadata through a Facebook gallery-suggestion feature without obtaining specific, informed consent. The regulator estimates that around 20 million users in Italy may be affected. Meta has said it will appeal. The company must disable the feature by default and seek separate consent within 60 days. The investigation did not examine whether gallery content was used to train AI models.
