പഞ്ചാബ് : ഓടിക്കോണ്ടിരിക്കെ കർമഭൂമി എക്സ്പ്രസിന് തീപിടിച്ചു. അമൃത്സറിൽ നിന്ന് പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുഡിയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ നാല് ജനറൽ കോച്ചുകളാണ് കത്തിനശിച്ചത്.
പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുരയ്ക്ക് സമീപം സരായി ബൻജാര റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
എൻജിനിൽനിന്ന് അഞ്ചാമത്തെ ജനറൽ കോച്ചിൽനിന്നാണ് ആദ്യം തീയും പുകയും ഉയർന്നത്. നിമിഷങ്ങൾക്കുള്ളിൽ സമീപത്തെ കോച്ചുകളിലേക്കും തീ പടരുകയായിരുന്നു.
യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിൻ ഉടൻ നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. റെയിൽവേ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.യാത്രക്കാർക്കായി പകരം ട്രെയിൻ ഏർപ്പെടുത്തി. വിവരമറിഞ്ഞ ഉടൻ അംബാല ഡിവിഷനിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.
തീ പൂർണമായും നിയന്ത്രണവിധേയം
ഫയർഫോഴ്സ് സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ റെയിൽവേ ഒരുക്കി.തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു
കോച്ചിലെ ഫാനിൽനിന്നാണ് തീ പടർന്നതെന്ന് ചില യാത്രക്കാർ പറഞ്ഞതായി റെയിൽവേ പൊലീസ് അറിയിച്ചു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ റെയിൽവേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിലൂടെയാകും തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാകുക.
English Summary : A fire broke out in four general coaches of the Karmabhoomi Express (12508) near Sarai Banjara railway station in Punjab’s Patiala district. The train was travelling from Amritsar to New Jalpaiguri when the fire started in the fifth coach from the engine. All passengers were evacuated safely, and no injuries were reported. A short circuit is suspected as the preliminary cause, while a high-level railway inquiry has been ordered.
