കൊല്ലം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയ കേസിൽ കുന്നത്തൂർ താലൂക്ക് ഓഫീസ് മുൻ ഡെപ്യൂട്ടി തഹസീൽദാർക്ക് എട്ട് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കരുനാഗപ്പള്ളി വടക്കുംതല വേലൻപറമ്പിൽ ബാബു (63)വിനെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്. കോടതി ജഡ്ജി ഡോ. മോഹിത് സി.എസ്. ആണ് വിധി പ്രസ്താവിച്ചത്.
കൈക്കൂലി വാങ്ങിയതും യന്ത്രം പിടിച്ചെടുത്തതും
2014ൽ കുന്നത്തൂർ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസീൽദാരായി ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരന് അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്തുകൊടുക്കുന്നതിനായി ബാബു ആദ്യം 3,000 രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്.
പിന്നീട് കൈക്കൂലിയുടെ അടുത്ത ഗഡു നൽകാത്തതിനെ തുടർന്ന് മൈനാഗപ്പള്ളിയിലെ ഒരു വസ്തുവിൽ ചെങ്കല്ല് വെട്ടുന്നതിനിടെ പരാതിക്കാരന്റെ കല്ല് വെട്ട് യന്ത്രം പിടിച്ചെടുത്ത് താലൂക്ക് ഓഫീസിൽ സൂക്ഷിച്ചു.
നിയമാനുസൃത നടപടികൾ പാലിക്കാതെയാണ് യന്ത്രം പിടിച്ചെടുത്തതെന്നാണ് കേസ്.
യന്ത്രം വിട്ടുനൽകാൻ വീണ്ടും കൈക്കൂലി
പിടിച്ചെടുത്ത യന്ത്രം വിട്ടുനൽകുന്നതിനായി മൈനിംഗ് ആൻഡ് ജിയോളജിക്കൽ റിപ്പോർട്ട് നൽകാൻ 2,000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങിയെന്നാണ് വിജിലൻസ് കേസ്.
ജിയോളജിക്കൽ വകുപ്പിൽ പിഴ അടച്ചശേഷം യന്ത്രം വിട്ടുനൽകുന്നതിനുള്ള അവസാന ഗഡുവായി 5,000 രൂപയും പരാതിക്കാരനിൽനിന്ന് വാങ്ങി.
ഈ സമയത്ത് കൊല്ലം വിജിലൻസ് യൂണിറ്റ് ബാബുവിനെ കൈയോടെ പിടികൂടുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്.
പിസി ആക്ട് പ്രകാരം ശിക്ഷ
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരം മൂന്ന് വർഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു.
സെക്ഷൻ 13(1)(d), 13(2) എന്നിവ പ്രകാരം അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും കൂടി വിധിച്ചു.
ഇരുവകുപ്പുകളിലുമായി ആകെ എട്ട് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൊല്ലം വിജിലൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. ദിവ്യയും സിജു രാജനും ഹാജരായി.
വിജിലൻസ് അന്വേഷണം
കൊല്ലം വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഡിവൈഎസ്പി ആർ. ജയശങ്കർ തുടർ അന്വേഷണം നടത്തി.
ഡിവൈഎസ്പി കെ. അശോക് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
English Summary:
A former deputy tahsildar of the Kunnathur Taluk Office has been sentenced to eight years of rigorous imprisonment and fined ₹1 lakh by the Kollam Vigilance Court in a bribery case. Babu, 63, was found guilty of accepting bribes in connection with illegal quarrying assistance and the release of a seized stone-cutting machine. The case was investigated by the Kollam Vigilance Unit.
