നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബി.എൽ.എം സഹകരണ സംഘം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചു. സുപ്രീംകോടതി നിർദേശിച്ച അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണസംഘം പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് കോടതി കണ്ടെത്തി.
ഇതോടെയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്. അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് നാളെ കോടതിയിൽ അപേക്ഷ നൽകും.
അറസ്റ്റ് നടപടികളിൽ വീഴ്ചയെന്ന് കോടതി
വ്യാഴാഴ്ച രാവിലെ ചെന്നൈ നുങ്കമ്പാക്കത്തെ വീട്ടിൽനിന്നാണ് ക്രൈംബ്രാഞ്ച് സംഘം പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് നിയമപരമാണോയെന്ന കാര്യത്തിൽ വാദപ്രതിവാദങ്ങൾ നടന്നത്.അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രേംകുമാറിനുവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
അറസ്റ്റ് ചെയ്യുന്നതിന് മുൻപ് നോട്ടീസ് നൽകിയില്ലെന്നും വിവരം അടുത്ത ബന്ധുക്കളെയോ അഭിഭാഷകനെയോ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
അറസ്റ്റ് മെമ്മോ കൈമാറിയതിൽ തർക്കം
അറസ്റ്റ് മെമ്മോ കൈപ്പറ്റാൻ പ്രേംകുമാർ തയ്യാറായില്ലെന്നും തുടർന്ന് മകന്റെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് മെമ്മോ അയച്ചുനൽകിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വിശദീകരണം. എന്നാൽ ഇത് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ട് റിമാൻഡ് റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിരുന്നില്ല.
ഈ സാഹചര്യത്തിൽ അറസ്റ്റ് നടപടികളിലെ വീഴ്ച പരിഗണിച്ചാണ് കോടതി പ്രേംകുമാറിനെ വിട്ടയച്ചത്. വീഴ്ചകൾ പരിഹരിച്ച് നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് പ്രേംകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രേംകുമാറിന്റെ വാദം.
1.60 കോടി രൂപയുടെ മറ്റൊരു കേസ്
ഇതിനിടെ പ്രേംകുമാറിനെതിരെ കോതമംഗലത്ത് മറ്റൊരു നിക്ഷേപത്തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തു. ഇടുക്കി അണക്കര സ്വദേശിയിൽനിന്ന് 1.60 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം വാഗ്ദാനം ചെയ്ത കമ്മീഷനും പലിശയും നൽകിയില്ലെന്ന പരാതിയിലാണ് പുതിയ കേസ്.
English Summary : A Kozhikode magistrate court has released R. Premkumar, founding chairman of the BLM Cooperative Society, who was arrested in an investment fraud case. The court found that the Crime Branch had not followed the Supreme Court’s arrest guidelines. The Crime Branch plans to seek permission for a fresh arrest after following the required procedures. Meanwhile, another investment fraud case has been registered against him in Kothamangalam over an alleged investment of ₹1.60 crore.
