കോഴിക്കോട്: ഹരിയാനയിലെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് ഗുരുഗ്രാം സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
മരിച്ചത് കോഴിക്കോട്, മലപ്പുറം സ്വദേശികൾ
കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശ്ശേരി എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ കെ. ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഇവർക്ക് മക്കളില്ലെന്നാണ് ലഭ്യമായ വിവരം.
ഏതാനും മാസം മുൻപ് ഗുരുഗ്രാമിലേക്ക് താമസം മാറി
നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസം മുൻപാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.
പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വ്യക്തത
വിവരമറിഞ്ഞെത്തിയ ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകുമെന്നാണ് വിവരം.
ദമ്പതികളുടെ മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് ബാദ്ഷാപുർ പൊലീസ് അറിയിച്ചു.
കുടുംബ പശ്ചാത്തലം
നാരകശ്ശേരി മുഹമ്മദ് ബാഖവി–നഫീസ് ദമ്പതികളുടെ മകനാണ് അസ്ലം. ഉവൈസ്, റംല എന്നിവരാണ് സഹോദരങ്ങൾ. അബ്ദുറഹ്മാൻ–പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഫൗസിയ, ഫൈസൽ എന്നിവരാണ് സഹോദരങ്ങൾ.
English Summary:
A Malayali couple from Kozhikode and Malappuram was found dead in their apartment at the M3M Marina Society in Sector 68, Gurugram, Haryana. N.C. Mohammed Aslam, 30, and his wife K. Farhana, 28, had moved to Gurugram a few months ago. Police have completed inquest procedures, and postmortem examinations are expected to provide further details about the cause of death.
