facebook

കളിക്കാൻ പോയതിന് ശിക്ഷ? 82 വിദ്യാർത്ഥികളുടെ തല പാതി മൊട്ടയടിച്ചതായി പരാതി

2 Min Read

മുംബൈ: 82 വിദ്യാർത്ഥികളുടെ തല പാതി മൊട്ടയടിച്ചതായി പരാതി. മുടി വെട്ടാനായി കാത്തിരിക്കുന്നതിനിടെ കളിക്കാൻ പോയെന്നാരോപിച്ചാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളുടെ തലമുടി പാതി ഷേവ് ചെയ്തതെന്നാണ് ആരോപണം. കുട്ടികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

82 വിദ്യാർത്ഥികളുടെ തല പാതി മൊട്ടയടിച്ചു

ശനിയാഴ്ച വിദ്യാർത്ഥികളുടെ മുടിവെട്ടുന്നതിനായി സ്കൂൾ അധികൃതർ സൗകര്യമൊരുക്കിയിരുന്നു. ഇതിനിടെ ചില കുട്ടികൾ കളിക്കാൻ പോയത് സ്കൂൾ സൂപ്രണ്ട് പ്രശാന്ത് മേശ്രാമിനെ പ്രകോപിപ്പിച്ചെന്നാണ് റിപ്പോർട്ട്.

തുടർന്ന് കുട്ടികളുടെ തലമുടി പാതി ഷേവ് ചെയ്യാൻ ബാർബറോട് നിർദേശിച്ചെന്നാണ് പരാതി. സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് രക്ഷിതാക്കൾ വിവരം അറിഞ്ഞത്.

രാത്രി 11 മുതൽ പുലർച്ചെ 4 വരെ മുടിവെട്ടൽ

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളുടെ മുടി വൃത്തിയായി വെട്ടിയൊതുക്കാൻ ഉന്നത ഉദ്യോഗസ്ഥർ സ്കൂൾ അധികൃതർക്ക് നിർദേശം നൽകി.

ഇതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മുടിവെട്ടൽ ഞായറാഴ്ച പുലർച്ചെ നാല് മണിവരെ നീണ്ടുനിന്നെന്നാണ് വിവരം. ഇതോടെ പല വിദ്യാർത്ഥികൾക്കും ഉറക്കം നഷ്ടമായതായും പരാതിയുണ്ട്.

സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

സംഭവത്തിൽ സ്കൂൾ സൂപ്രണ്ടിന് പ്രിൻസിപ്പൽ പ്രശാന്ത് ഗിരി കാരണം കാണിക്കൽ നോട്ടീസ് നൽകി. വിദ്യാർത്ഥികളുടെ താൽപര്യം മുൻനിർത്തിയാണ് മുടിവെട്ടാൻ തീരുമാനിച്ചതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.

മഴ കാരണം കുറച്ചുകാലമായി വിദ്യാർത്ഥികൾക്ക് മുടിവെട്ടാൻ കഴിഞ്ഞിരുന്നില്ലെന്നും ചിലർ വ്യക്തിശുചിത്വം പാലിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കർശന നടപടി വേണമെന്ന് രക്ഷിതാക്കൾ

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതോടെ മാത്രം വിഷയം അവസാനിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

English Summary:
A complaint has been raised in Maharashtra’s Chandrapur district after 82 students at a government school allegedly had half of their heads shaved while waiting for haircuts. The action was reportedly ordered after some students went to play. Parents protested after photographs emerged, prompting school authorities to issue a show-cause notice to the superintendent and seek further action.

Share This Article