ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതികളുമായി അമേരിക്കയും ചൈനയും. ചന്ദ്രനിൽ സ്ഥിരമായ താവളങ്ങൾ നിർമിക്കാനും വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ നടത്താനും ആണവോർജം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
റഷ്യയും ചന്ദ്രനിലെ ആണവോർജ പദ്ധതികളുമായി ബന്ധപ്പെട്ട് രംഗത്തുണ്ടെങ്കിലും, അമേരിക്കയും ചൈനയും മുന്നോട്ടുവയ്ക്കുന്ന പദ്ധതികളാണ് നിലവിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.
ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ നാസയുടെ ലക്ഷ്യം
2030ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം പ്രവർത്തിക്കാൻ കഴിയുന്ന റിയാക്ടർ വികസിപ്പിക്കാൻ നാസ കരാറുകാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
നിർദേശിക്കപ്പെട്ട ലൂണാർ റിയാക്ടർ-1 ഏകദേശം 20 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യരുടെ നേരിട്ടുള്ള സഹായമില്ലാതെ ഏകദേശം അഞ്ച് വർഷത്തോളം പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലായിരിക്കും സംവിധാനമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചൈനയും ചാന്ദ്ര ആണവ പദ്ധതിയുമായി മുന്നോട്ട്
അതേസമയം, ചൈനയുടെ നേതൃത്വത്തിലുള്ള ഭാവി ചാന്ദ്ര ഗവേഷണ കേന്ദ്രങ്ങൾക്ക് വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ‘സെലീന’ എന്ന പേരിലുള്ള ചാന്ദ്ര റിയാക്ടർ 2036ഓടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
ഏകദേശം 10 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും പത്ത് വർഷത്തോളം സ്വയം പ്രവർത്തിക്കാനും ശേഷിയുള്ള സംവിധാനമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരം.
ഭാവിയിൽ ചന്ദ്രനിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഗവേഷണ കേന്ദ്രങ്ങൾക്ക് തുടർച്ചയായ വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എന്തിനാണ് ചന്ദ്രനിൽ ആണവ റിയാക്ടർ?
ചന്ദ്രനിൽ സ്ഥിരമായ താവളം സ്ഥാപിക്കണമെങ്കിൽ തുടർച്ചയായ വൈദ്യുതി ആവശ്യമാണ്. ചന്ദ്രന്റെ പകൽ സമയത്ത് സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാം.
എന്നാൽ ചന്ദ്രനിലെ ഒരു രാത്രി രണ്ടാഴ്ചയിലേറെ നീളും. ഈ സമയത്ത് സൂര്യപ്രകാശം ലഭിക്കാത്തതിനാൽ സോളാർ പാനലുകളെ മാത്രം ആശ്രയിക്കുന്നത് വലിയ വെല്ലുവിളിയാണ്.
ഇവിടെയാണ് ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം. സൂര്യപ്രകാശത്തെ ആശ്രയിക്കാതെ തുടർച്ചയായി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആണവ റിയാക്ടറുകൾക്ക് കഴിയും.
തുടക്കത്തിൽ സോളാർ, പിന്നീട് ആണവോർജം
ചന്ദ്രദൗത്യങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ലൂണാർ വാഹനങ്ങൾ ചാർജ് ചെയ്യാനും സൗരോർജവും റേഡിയോ ഐസോടോപ്പ് സംവിധാനങ്ങളുമാണ് അമേരിക്കയും ചൈനയും പരിഗണിക്കുന്നത്.
എന്നാൽ ചെറിയ ദൗത്യങ്ങളിൽനിന്ന് വലിയ സ്ഥിരം ചാന്ദ്രതാവളങ്ങളിലേക്ക് നീങ്ങുമ്പോൾ വൈദ്യുതി ആവശ്യകതയും വർധിക്കും. മനുഷ്യർ ദീർഘകാലം താമസിക്കുന്ന ഗവേഷണകേന്ദ്രങ്ങൾക്കും വാഹനങ്ങൾക്കും ശാസ്ത്രീയ ഉപകരണങ്ങൾക്കും ജീവൻ നിലനിർത്താനുള്ള സംവിധാനങ്ങൾക്കും വലിയ തോതിൽ ഊർജം ആവശ്യമായി വരും.
അതിനാൽ ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ആണവോർജത്തിന് നിർണായക സ്ഥാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
പ്രധാന ആശങ്ക സുരക്ഷ
ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കുന്നതിന് സാങ്കേതിക നേട്ടങ്ങൾക്കൊപ്പം സുരക്ഷാ വെല്ലുവിളികളും ഉണ്ട്. റിയാക്ടർ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെട്ടാൽ എന്ത് സംഭവിക്കുമെന്നതാണ് പ്രധാന ആശങ്ക.
വിക്ഷേപണ അപകടത്തിൽ ആണവ സംവിധാനത്തിന് കേടുപാടുകൾ സംഭവിക്കുകയും റേഡിയോ ആക്ടീവ് വസ്തുക്കൾ പുറത്തേക്ക് വ്യാപിക്കുകയും ചെയ്യാനുള്ള സാധ്യത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടുതന്നെ ചന്ദ്രനിലെ ആണവ റിയാക്ടർ പദ്ധതികൾ വിജയകരമാക്കുന്നതിൽ റിയാക്ടർ രൂപകൽപ്പനയ്ക്കൊപ്പം സുരക്ഷിതമായ വിക്ഷേപണ സംവിധാനങ്ങളും നിർണായകമാകും.
അടുത്ത ബഹിരാകാശ മത്സരം വൈദ്യുതിക്കായി
ചന്ദ്രനിലെ ജലം, ധാതുക്കൾ, മറ്റ് വിഭവങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള മത്സരത്തിനപ്പുറം, അവിടെ ദീർഘകാലം നിലനിൽക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കാണ് ബഹിരാകാശ ശക്തികളുടെ ശ്രദ്ധ മാറുന്നത്.
സ്ഥിരമായ ചാന്ദ്രതാവളങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ കഴിയുന്ന രാജ്യം ഭാവിയിലെ ചന്ദ്രപര്യവേക്ഷണത്തിൽ നിർണായക സാങ്കേതിക നേട്ടം സ്വന്തമാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതികൾ പുതിയൊരു ബഹിരാകാശ മത്സരത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
English Summary
The United States and China are developing plans to deploy nuclear reactors on the Moon to provide reliable power for future lunar bases and long-term exploration. NASA reportedly aims to deploy a lunar reactor by 2030, while China is pursuing a longer-term reactor project. Nuclear power could overcome the challenge of lunar nights lasting more than two weeks, although launch safety and radioactive-material risks remain major concerns.
