കോട്ടയം: ഉത്സവപ്പറമ്പുകളിലെ തലയെടുപ്പായിരുന്ന ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തന്റെ വിയോഗത്തിന്റെ വേദനയിലാണ് പല്ലാട്ട് കുടുംബം. ഇടിമിന്നലേറ്റ് ബ്രഹ്മദത്തൻ ചരിഞ്ഞതിനു പിന്നാലെ, തങ്ങൾക്ക് അവൻ മകനെപ്പോലെയായിരുന്നുവെന്ന് ഉടമകളായ രാജേഷും സഹോദരൻ സതീഷും പറഞ്ഞു.
ചങ്ങലകളില്ലാതെയും മുറ്റത്തും പറമ്പിലും സ്വതന്ത്രമായി ഓടിയെത്തിയിരുന്ന ശാന്തനായ മകനെയാണ് നഷ്ടപ്പെട്ടതെന്ന് ഇരുവരും വികാരഭരിതമായി പറഞ്ഞു.
‘പല്ലാട്ട് ബ്രഹ്മദത്തൻ ഞങ്ങളുടെ ജീവനായിരുന്നു’
‘16 വർഷമായേയുള്ളൂ ഞങ്ങളുടെ അടുത്ത് വന്നിട്ട്. മറക്കാൻ പറ്റില്ല. ഓമന ചേട്ടൻ ഉണ്ടായിരുന്ന കാലത്തും അതിനുശേഷവും ഞങ്ങളുടെ ജീവനായിരുന്നു. അഴിച്ചുവിട്ടാൽ നേരെ വീട്ടിൽ ചെന്ന് അമ്മയുടെ അടുത്തുനിന്ന് ഭക്ഷണം കഴിക്കും. സ്നേഹമുള്ള ജീവിയായിരുന്നു’, സതീഷ് പറഞ്ഞു.
സാധാരണ ആനയായിരുന്നില്ല ബ്രഹ്മദത്തനെന്നും കുടുംബത്തിലെ ഒരാളെപ്പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങളുടെ ഒരാൾ പോയാൽ ഞങ്ങൾക്ക് വിഷമം ഉണ്ടാകില്ലേ’ എന്ന വാക്കുകളിൽ നഷ്ടത്തിന്റെ ആഴവും അദ്ദേഹം പങ്കുവച്ചു.
അമ്മ കമലമ്മയോട് പ്രത്യേക സ്നേഹം
ബ്രഹ്മദത്തന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ഈന്തപ്പഴമായിരുന്നുവെന്ന് രാജേഷും സതീഷും പറഞ്ഞു. ദൂരെ പോയി തിരിച്ചെത്തുമ്പോൾ ആദ്യം അമ്മ കമലമ്മയെ കാണുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നത് അവന്റെ പതിവായിരുന്നുവെന്നും അവർ ഓർത്തെടുത്തു.
അഴിച്ചുവിട്ടാൽ വീട്ടിലേക്ക് തന്നെ എത്തുമായിരുന്നു. ഒരു ചങ്ങലയുടെ പോലും ആവശ്യമില്ലായിരുന്നുവെന്നും കുടുംബം പറയുന്നു.
‘ഇനി ഇങ്ങനെയൊരു ആനയെ കിട്ടില്ല’
ബ്രഹ്മദത്തന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സതീഷ് പറഞ്ഞു. തടി മില്ലുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും അവനെ തടി പിടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇനി ഞങ്ങളുടെ ജന്മത്തിൽ ഇങ്ങനെ ഒരാളെ കിട്ടില്ല. ഇങ്ങനെ ഒരു ശാന്തനായ, ഇത്രയും ബുദ്ധിയുള്ള ഒരു ആനയെയും ഇനി കിട്ടില്ല’, സതീഷ് പറഞ്ഞു.
തൃശൂർ പൂരത്തിലും തലയെടുപ്പോടെ
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളത്തുകളിൽ ആനപ്രേമികളുടെ ഹരമായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെ രാത്രി പൂരത്തിന് തിടമ്പേറ്റിയിരുന്നതും ബ്രഹ്മദത്തനായിരുന്നു.
അതേസമയം, 25 വർഷം പാപ്പാനായിരുന്ന ളാക്കാട്ടൂർ ദാമോദരൻ നായർ അന്തരിച്ചപ്പോൾ ബ്രഹ്മദത്തൻ നടത്തിയ പ്രവൃത്തിയും ഏറെ ശ്രദ്ധ നേടിയിരുന്നു. പാപ്പാന്റെ മൃതദേഹത്തിൽ തുമ്പിക്കൈകൊണ്ട് തൊട്ട് നമസ്കരിച്ച ആനയുടെ ദൃശ്യങ്ങൾ അന്ന് ഏറെ ചർച്ചയായി.
മധ്യകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളത്തുകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു ബ്രഹ്മദത്തൻ. ഉത്സവപ്പറമ്പുകളിൽ തലയെടുപ്പോടെ നിന്നിരുന്ന ആ ഗജരത്‌നം ഇനി ഓർമകളിൽ മാത്രം.
English Summary:
Pallattu Brahmadathan, a renowned temple elephant from Kerala, died after being struck by lightning. His owners Rajesh and Satheesh said Brahmadathan was like a son to their family. They recalled his calm nature, affection for their mother Kamalamma and his special place in Kerala temple festivals, including the Thrissur Pooram.
