facebook

യുക്രെയ്‌നിൽ ഡാറ്റാ സെന്ററുകൾക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു; ജനവാസ മേഖലകളിലും നാശനഷ്ടം

1 Min Read
credit: AFP

യുക്രെയ്‌നിൽ ഡാറ്റാ സെന്ററുകൾക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം

കീവ്: യുക്രെയ്‌നിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ കൗമാരക്കാരിയടക്കം ആറ് പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും എട്ടോളം മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾക്കും ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

സപ്പോറീഷ്യയിൽ മൂന്ന് പേരും കീവിൽ ഒരാളും കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. സുമിയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ വയോധികയും 16 വയസ്സുകാരിയും കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതരും വ്യക്തമാക്കി.

ഡാറ്റാ സെന്ററുകൾ ലക്ഷ്യമിട്ടതായി റഷ്യ

യുക്രെയ്ൻ സായുധസേനയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന വോഡഫോൺ, കീവ്സ്റ്റാർ, ഒമേഗ ടെലികോം എന്നിവയുടെ ഡാറ്റാ സെന്ററുകൾ ഡ്രോൺ ആക്രമണത്തിലൂടെ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

കീവിലെ പ്രധാന ഡാറ്റാ സെന്ററിന് നേരെ രണ്ട് തവണ ആക്രമണമുണ്ടായതായും കീവ്സ്റ്റാറിന്റെ ആശയവിനിമയ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും യുക്രെയ്ൻ സ്ഥിരീകരിച്ചു.

തുറമുഖവും മറ്റ് കേന്ദ്രങ്ങളും ആക്രമണത്തിൽ

കീവ്, ഒഡേസ മേഖലകളിലെ മൂന്ന് ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾക്കും ഒഡേസ തുറമുഖത്തേക്ക് പോകുകയായിരുന്ന രണ്ട് ചരക്കുകപ്പലുകൾക്കും നേരെ ആക്രമണമുണ്ടായതായി യുക്രെയ്ൻ അറിയിച്ചു. ഒഡേസയിലെ മെഡിക്കൽ സെന്റർ, ഹോട്ടൽ, ധാന്യപ്പുര എന്നിവയ്ക്കും നാശനഷ്ടമുണ്ടായതായി ഗവർണർ ഒലെഹ് കിപ്പർ പറഞ്ഞു.

അതേസമയം, അതിർത്തി മേഖലകളിലും സമീപ പ്രദേശങ്ങളിലുമായി യുക്രെയ്ൻ അയച്ച 96 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യ അവകാശപ്പെട്ടു.

ഡ്രോൺ നിർമാണ കമ്പനിയുടെ പ്രവർത്തനം നിർത്തി

അതിനിടെ, കഴിഞ്ഞ ആഴ്ച റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഉൽപാദന കേന്ദ്രങ്ങൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായതിനെ തുടർന്ന് യുക്രെയ്ൻ ഡ്രോൺ നിർമാതാക്കളായ പെഗാസസ് ആംസ് പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നതായി അറിയിച്ചു.

ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക ഇരുരാജ്യങ്ങൾക്കും മേൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ധാരണ ഇതുവരെ ഉണ്ടായിട്ടില്ല.

Share This Article