facebook

പാർക്കിംഗ് ദുരിതം; നഗരജീവിതത്തിന് തലവേദനയായി വാഹനങ്ങൾ

3 Min Read

കേരളത്തിലെ പ്രധാന നഗരങ്ങളിൽ പാർക്കിംഗ് ദുരിതം രൂക്ഷമാകുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പ്രധാന വ്യാപാര, ആശുപത്രി, ഭരണകേന്ദ്രങ്ങളോട് ചേർന്ന് ആവശ്യത്തിന് പാർക്കിംഗ് സൗകര്യമില്ലാത്തത് വാഹനയാത്രക്കാരെ വലയ്ക്കുകയാണ്. റോഡരികിലെ പാർക്കിംഗും പരിമിതമായ പേ ആൻഡ് പാർക്കിംഗ് കേന്ദ്രങ്ങളുമാണ് പലരുടെയും ആശ്രയം.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിസന്ധി

തലസ്ഥാന നഗരിയിൽ വാഹനം പാർക്ക് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന സ്റ്റാച്യു, മെഡിക്കൽ കോളേജ്, കിഴക്കേകോട്ട തുടങ്ങിയ പ്രധാന മേഖലകളിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യമില്ല.

ദിവസേന നൂറുകണക്കിന് ആളുകളാണ് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത്. ഏകദേശം 5000 ജീവനക്കാരുള്ള സ്ഥാപനത്തിൽ ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനും പരിമിതമായ സൗകര്യമേയുള്ളൂ.

ഇതോടെ പലരും റോഡരികിൽ വാഹനം നിർത്തിയാണ് ഓഫീസുകളിലേക്ക് പോകുന്നത്. മെഡിക്കൽ കോളേജ് പരിസരത്തും പാർക്കിംഗ് ദുരിതം രൂക്ഷമാണ്.

ആശുപത്രിയിലെ മൾട്ടിലെവൽ പാർക്കിംഗിൽ 203 വാഹനങ്ങൾ മാത്രമാണ് ഒരേസമയം പാർക്ക് ചെയ്യാനാകുന്നത്. എന്നാൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഇവിടെയെത്തുന്നത്.

പുത്തരിക്കണ്ടം പാർക്കിംഗ് എത്തിയിട്ടും പരിഹാരമില്ല

പുത്തരിക്കണ്ടത്ത് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം പ്രവർത്തനം തുടങ്ങിയെങ്കിലും കിഴക്കേകോട്ടയിലെ പാർക്കിംഗ് പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.

അതേസമയം, വെള്ളയമ്പലം, വഴുതക്കാട്, പി.എം.ജി, പട്ടം, കേശവദാസപുരം തുടങ്ങിയ മേഖലകളിലും ആവശ്യത്തിന് പാർക്കിംഗ് സൗകര്യമില്ല.

നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായ അട്ടകുളങ്ങരയിലും റോഡരികിലെ പാർക്കിംഗാണ് പ്രധാന ആശ്രയം.

കൊച്ചിയിൽ വാഹനം ഇറക്കാനും ഭയം

കൊച്ചി നഗരത്തിലെ പാർക്കിംഗ് ദുരിതം വാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. നഗരത്തിലെ തിരക്ക് അറിയുന്നവർ പലപ്പോഴും വാഹനം നഗരത്തിന് പുറത്ത് പാർക്ക് ചെയ്ത് മെട്രോയെ ആശ്രയിക്കുന്ന സാഹചര്യമാണ്.

മറൈൻഡ്രൈവിലും പി.ടി. ഉഷ റോഡിലും മാത്രമാണ് പേ ആൻഡ് പാർക്കിംഗ് സംവിധാനം ഒരു പരിധിവരെ ലഭിക്കുന്നത്. എം.ജി റോഡ്, ബ്രോഡ്‌വേ, ഹൈക്കോടതി പരിസരം, മാർക്കറ്റ് റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലും സ്ഥിതി ബുദ്ധിമുട്ടാണ്.

ജനറൽ ആശുപത്രി, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില തുടങ്ങിയ തിരക്കേറിയ മേഖലകളിലും ആവശ്യത്തിന് പാർക്കിംഗ് കേന്ദ്രങ്ങളില്ല.

പേ ആൻഡ് പാർക്കിംഗ് കേന്ദ്രങ്ങളുടെയും മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയങ്ങളുടെയും കുറവാണ് പ്രധാന പ്രശ്നം. ഇതിനിടെ, പാർക്കിംഗ് ആപ്പുകളുമായി ചില സ്റ്റാർട്ടപ്പുകൾ രംഗത്തെത്തിയത് യാത്രക്കാർക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്.

സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളുടെ നിരക്കും ഉയർന്നിട്ടുണ്ട്. ഒരു വർഷത്തിനിടെ ചില സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരക്ക് ഏകദേശം ഇരട്ടിയായതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൾട്ടിലെവൽ പാർക്കിംഗ് വേണമെന്ന് ആവശ്യം

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിൽ മൾട്ടിലെവൽ ഓട്ടോമേറ്റഡ് പാർക്കിംഗ് പ്ലാസകൾ ഒരുക്കണമെന്നാണ് ആവശ്യം.

ഉപയോഗശൂന്യമായി കിടക്കുന്ന കോർപ്പറേഷൻ, സർക്കാർ ഭൂമികൾ പേ ആൻഡ് പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ആവശ്യമുയരുന്നു.

സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പാർക്കിംഗ് ഏരിയകളായി ഉപയോഗിക്കാൻ പ്രോത്സാഹനം നൽകുമെന്ന് കൊച്ചി കോർപ്പറേഷൻ പലതവണ പ്രഖ്യാപിച്ചെങ്കിലും പദ്ധതി കാര്യമായി മുന്നോട്ടുപോയിട്ടില്ല.

കോഴിക്കോട്: പാർക്കിംഗ് തേടി നഗരപ്രദക്ഷിണം

കോഴിക്കോട്ടും പാർക്കിംഗ് ദുരിതം യാത്രക്കാരെ വലയ്ക്കുന്നു. അവധി ദിവസങ്ങളിൽ ബീച്ചിലേക്കും നഗരത്തിലേക്കും വാഹനവുമായി എത്തുന്നവർ പാർക്കിംഗ് സ്ഥലം തേടി നഗരത്തിൽ ചുറ്റേണ്ടിവരുന്ന അവസ്ഥയാണ്.

വിരലിലെണ്ണാവുന്ന സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങൾ മാത്രമാണുള്ളത്. പലപ്പോഴും ഇവിടെയെത്തുമ്പോൾ ‘പാർക്കിംഗ് ഫുൾ’ എന്ന ബോർഡാണ് കാണുന്നത്.

ഒടുവിൽ റോഡരികിലും ഫുട്പാത്തിലും നോ പാർക്കിംഗ് ബോർഡിന് സമീപത്തുപോലും വാഹനങ്ങൾ നിർത്തുന്ന സ്ഥിതിയുണ്ട്. പിന്നാലെ പൊലീസ് പരിശോധനയും നടപടികളും നേരിടേണ്ടിവരുന്നു.

നഗരഹൃദയത്തിലെ മുതലക്കുളം മൈതാനത്ത് സമ്മേളനങ്ങളോ മറ്റ് പരിപാടികളോ നടക്കുന്ന ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.

‘പാർക്കിംഗ് ഫ്രണ്ട്ലി’ പദ്ധതി വാക്കിലൊതുങ്ങി

നഗരത്തിൽ പാർക്കിംഗ് സൗകര്യം വർധിപ്പിക്കാൻ ജില്ലാ ഭരണകൂടം, ട്രാഫിക് പൊലീസ്, കോർപ്പറേഷൻ എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘പാർക്കിംഗ് ഫ്രണ്ട്ലി’ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.

മിഠായിത്തെരുവിന് സമീപം ബഹുനില പാർക്കിംഗ് പ്ലാസകൾ നിർമ്മിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കെട്ടിടം പൊളിച്ചെങ്കിലും ആവശ്യമായ സർക്കാർ അനുമതി ലഭിക്കാത്തതോടെ പദ്ധതി മുന്നോട്ടുപോയില്ല.

വൈക്കം മുഹമ്മദ് ബഷീർ റോഡ്, ടൗൺഹാൾ റോഡ്, മുതലക്കുളം, അരയിടത്തുപാലം, വെസ്റ്റ് ഹിൽ തുടങ്ങിയ മേഖലകളിലും പാർക്കിംഗ് സൗകര്യത്തിന്റെ കുറവ് തുടരുകയാണ്.

English summary:
Parking facilities remain inadequate in major Kerala cities including Thiruvananthapuram, Kochi and Kozhikode. Limited parking spaces near government offices, hospitals, commercial areas and tourist destinations are forcing motorists to park along roads or spend time searching for available spaces. Proposals for multi-level and paid parking facilities have progressed slowly in several locations.

Share This Article