ശബരിമല ശ്രീകോവിൽ സ്വർണ്ണ മേൽക്കൂരയിൽ കറുത്ത പാടുകൾ; സ്പെഷ്യൽ കമ്മിഷണറുടെ നേതൃത്വത്തിൽ അടിയന്തര പരിശോധന

1 Min Read

ശബരിമല: ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ കറുത്ത നിറം കണ്ടതിനെ തുടർന്ന് ദേവസ്വം അധികൃതർ പരിശോധന നടത്തി. ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന്റെ നിർദേശപ്രകാരം, ദേവസ്വം തിരുവാഭരണ കമ്മിഷണർ റെജിലാലിന്റെ സാന്നിധ്യത്തിലായിരുന്നു സ്വർണപ്പണികളിൽ വിദഗ്ധനായ സ്മിത്തിന്റെ പരിശോധന.

സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഈ മാസം 15ന് കട്ടിളപ്പാളികളും പ്രഭാമണ്ഡലവും പരിശോധിച്ചതിന് ശേഷമാണ് മേൽക്കൂരയും വിശദമായി പരിശോധിച്ചത്.

സന്നിധാനത്ത് എത്തുന്ന ചില ഭക്തർ അഭിഷേകം ചെയ്ത നെയ്യ് മേൽക്കൂരയിലേക്ക് തളിക്കുന്ന പതിവുണ്ട്. ഈ നെയ്യിൽ പൊടിയും അഴുക്കും പറ്റിപ്പിടിച്ചതാകാം കറുത്ത പാടുകൾ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, നിലവിൽ മേൽക്കൂര വൃത്തിയാക്കാനോ മിനുസപ്പെടുത്താനോ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ശ്രീകോവിലുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളോ മാറ്റങ്ങളോ നടത്തുന്നതിന് ദേവന്റെ അനുജ്ഞ തേടേണ്ട ആചാരപരമായ നടപടിക്രമങ്ങളുണ്ട്.

പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന പൂർത്തിയായ സാഹചര്യത്തിൽ, ദേവന്റെ അനുജ്ഞ വാങ്ങിയശേഷം ദേവസ്വം ബോർഡ് മേൽക്കൂര വൃത്തിയാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

English Summary:
Authorities conducted an inspection after black patches were noticed on certain portions of the gold-plated roof of the Sabarimala sanctum sanctorum. Preliminary findings suggest that dust and dirt sticking to ghee sprinkled by devotees may have caused the discoloration. Cleaning work is expected to be undertaken after obtaining the customary approval and completing related procedures.



Share This Article