ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ ഭേദഗതി പ്രകാരം ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകൾ വാങ്ങാൻ ഇനി സാധിക്കില്ല. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നത്.
കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുകയും സ്വയം ചികിത്സ മൂലമുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. ഇതോടെ ഫാർമസികളിൽ നിന്ന് നേരിട്ട് കഫ് സിറപ്പ് വാങ്ങുന്ന രീതിക്ക് വിരാമമാകും. ഡോക്ടറുടെ നിർദേശപ്രകാരമുള്ള കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ മരുന്ന് ലഭ്യമാകൂ.
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികൾ മരിച്ച സംഭവങ്ങൾ രാജ്യവ്യാപകമായി ആശങ്ക ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് കഫ് സിറപ്പുകളുടെ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവയിൽ കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
പുതിയ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ വിഭാഗത്തിൽ നിന്ന് ‘സിറപ്പുകൾ’ എന്ന വിഭാഗം ഒഴിവാക്കും. ഇതോടെ ഇതുവരെ ലഭിച്ചിരുന്ന ഇളവുകൾ അവസാനിക്കുകയും കഫ് സിറപ്പുകളുടെ നേരിട്ടുള്ള വിൽപ്പനയ്ക്ക് നിയന്ത്രണം നിലവിൽ വരികയും ചെയ്യും. ‘ഡ്രഗ്സ് (അഞ്ചാം ഭേദഗതി) റൂൾസ്, 2026’ എന്ന പേരിലാണ് പുതിയ ചട്ടങ്ങൾ അറിയപ്പെടുക.
ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്നാട്ടിലെ ഒരു മരുന്ന് നിർമ്മാണ കമ്പനിയുടെ ‘കോൾഡ്രിഫ്’ ചുമമരുന്ന് ഉപയോഗിച്ചതിന് പിന്നാലെ മധ്യപ്രദേശിൽ നിരവധി കുട്ടികൾ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അനുവദനീയമായ അളവിനേക്കാൾ നൂറുകണക്കിന് മടങ്ങ് കൂടുതലായി ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരുന്നതായി അധികൃതർ കണ്ടെത്തി. സമാന സംഭവങ്ങൾ രാജസ്ഥാനിലും റിപ്പോർട്ട് ചെയ്തിരുന്നു.
English Summary:
The Union Health Ministry has imposed stricter regulations on the sale of cough syrups in India. Under the amended Drugs Rules, 1945, cough syrups can now be purchased only with a doctor’s prescription. The move aims to ensure safe use of medicines and prevent self-medication. The decision follows concerns raised after child deaths linked to contaminated cough syrups in Madhya Pradesh and Rajasthan.
