മട്ടാഞ്ചേരി: ട്രോളിംഗ് നിരോധനം നിലവിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ചാളയ്ക്ക് വൻ വിലക്കയറ്റം. കൊച്ചി മത്സ്യ മാർക്കറ്റിൽ ഇന്നലെ മുട്ടച്ചാള കിലോയ്ക്ക് 550 മുതൽ 600 രൂപ വരെയായിരുന്നു വില. ഇതോടെ സാധാരണക്കാരുടെ പ്രിയ മത്സ്യമായിരുന്ന ചാളയുടെ വില കരിമീനിന്റെ നിരക്കിനൊപ്പമെത്തി.
ഒരുകാലത്ത് 50 രൂപയ്ക്ക് ലഭിച്ചിരുന്ന ചാളയാണ് ഇപ്പോൾ റെക്കോർഡ് വിലയിലെത്തിയത്. ഉയർന്ന വില കാരണം ചെറുകിട മത്സ്യ വ്യാപാരികൾ പോലും ചാള വാങ്ങാൻ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
ചാളക്കുഞ്ഞുങ്ങളെ വൻതോതിൽ പിടിച്ച് കർണാടകയിലെ ഫിഷ് മീൽ ഫാക്ടറികളിലേക്ക് കൊണ്ടുപോയതാണ് നിലവിലെ ക്ഷാമത്തിന് പ്രധാന കാരണമെന്നാണ് മത്സ്യബന്ധന മേഖലയിലുള്ളവരുടെ വിലയിരുത്തൽ. കേരള തീരത്ത് നിന്ന് ഏകദേശം 6,000 ലോഡോളം ചാളക്കുഞ്ഞുങ്ങൾ ഇത്തരത്തിൽ കൊണ്ടുപോയതായി അവർ ചൂണ്ടിക്കാട്ടുന്നു.
ഫിഷ് മീൽ ഫാക്ടറികളിൽ ചാളക്കുഞ്ഞുങ്ങൾ ഉണക്കി പൊടിച്ച ശേഷം എണ്ണയെടുത്ത് വളർത്തു ചെമ്മീനുകൾക്കുള്ള തീറ്റയായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള തീറ്റ ഉപയോഗിക്കുമ്പോൾ വനാമി ചെമ്മീൻ ഉൾപ്പെടെയുള്ള ഇനങ്ങൾക്ക് കുറഞ്ഞ കാലയളവിനുള്ളിൽ പൂർണ വളർച്ച കൈവരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് നിലവിൽ നൂറിലധികം ഫിഷ് മീൽ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ ഭൂരിഭാഗവും കർണാടകയിലാണ് സ്ഥിതി ചെയ്യുന്നതെന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. കേരളത്തിലും നാല് പുതിയ ഫിഷ് മീൽ ഫാക്ടറികൾ ആരംഭിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ചാളയുടെ ലഭ്യതയിൽ കൂടുതൽ ആശങ്ക ഉയരുന്നുണ്ട്.
കേരള തീരത്ത് പഴയതുപോലെ ചാളയുടെ ലഭ്യത സാധാരണ നിലയിലാകാൻ ഇനി രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കേരള ബോട്ട് ഉടമ അസോസിയേഷൻ ഭാരവാഹി ജോസഫ് സേവ്യർ കളപ്പുരക്കൽ വിലയിരുത്തുന്നത്.
English Summary:
Sardine prices have surged to ₹600 per kg in Kerala following the trawling ban and a shortage of fish. Traders attribute the scarcity to the large-scale capture of sardine fry for fish meal factories, mainly in Karnataka. Industry representatives warn that it could take up to two years for sardine stocks off the Kerala coast to return to normal levels.
