കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി. ശശി വക്കീൽ നോട്ടീസ് അയച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് ഒരു ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളാണ് നോട്ടീസിന് ആധാരമായത്.
സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നിയന്ത്രിച്ച ഓഫീസാണെന്ന തരത്തിലുള്ള പരാമർശങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് അഡ്വ. കെ. വിശ്വൻ മുഖേന അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ മുൻ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പി. ശശി മാനനഷ്ടക്കേസ് നൽകിയിരുന്നു. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ അവസാന വർഷത്തിൽ വിവിധ ഘട്ടങ്ങളിലായി പി.വി. അൻവർ 16 ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നാണ് പി. ശശിയുടെ വാദം.
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിന് പി.വി. അൻവർ മറുപടി നൽകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാണ് ഹർജികൾ സമർപ്പിച്ചത്.
അതേസമയം, പി.വി. അൻവറിന് പിന്നിൽ അധോലോക സംഘങ്ങളുണ്ടെന്നും, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്കെതിരായ ആക്രമണങ്ങളെന്നും പി. ശശി നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും നേട്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
English Summary:
CPM state committee member and Chief Minister’s Political Secretary P. Sasi has sent a legal notice to SNDP Yogam General Secretary Vellappally Natesan over remarks made in a television interview. The notice demands that Vellappally withdraw the allegations and issue an apology. P. Sasi had earlier initiated legal action against former Nilambur MLA P.V. Anvar over similar allegations.
