ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനപരമ്പര നടത്താനുള്ള പാക് അനുകൂല ഭീകരപദ്ധതി സുരക്ഷാ ഏജൻസികൾ തകർത്തു. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ഏകോപിത ഓപ്പറേഷനിൽ ഭീകര മോഡ്യൂളുമായി ബന്ധപ്പെട്ട ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ നിന്ന് സെമി ഓട്ടോമാറ്റിക് ഗ്ലോക്ക് പിസ്റ്റൾ, 25 വെടിയുണ്ടകൾ, പാകിസ്ഥാനിലെ സർക്കാർ ആയുധ നിർമാണശാലയിൽ നിർമ്മിച്ചതെന്ന് സംശയിക്കുന്ന നാല് ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തു. ഗ്രനേഡുകൾ പിന്നീട് ദേശീയ സുരക്ഷാ സേനയുടെ സഹായത്തോടെ സുരക്ഷിതമായി നിർവീര്യമാക്കി.
ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഓഹരി വിപണി സ്ഥാപനങ്ങൾ, വൈദ്യുത നിലയങ്ങൾ, പാലങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പദ്ധതിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
മുംബൈ, പൂനെ, ഡൽഹി, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന പ്രതികളെ പിടികൂടിയത്. ഫണ്ട് കൈമാറാനെത്തിയ നേപ്പാൾ സ്വദേശിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശൃംഖലയുമായി ബന്ധപ്പെട്ടവരും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നാണ് സംശയം. പാകിസ്ഥാനിൽ നിന്ന് ആക്രമണ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടാകാമെന്ന നിഗമനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിലും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളും വർധിപ്പിച്ചു.
English Summary:
Indian security agencies have foiled an alleged terror plot targeting military installations and strategic locations across the country. Delhi Police Special Cell arrested nine suspects from multiple states and seized a Glock pistol, ammunition, and grenades. Investigators suspect links to Pakistan-based handlers, including ISI-backed networks and underworld operatives. Security has been heightened as the probe continues.
terror-plot-targeting-indian-military-and-strategic-sites-foiled
Delhi Police, Terror Plot, ISI, Dawood Ibrahim, National Security, Delhi News, India Security, Terror Module, Strategic Installations, Military Bases, Counter Terrorism, Special Cell, Security Alert, India News, Breaking News
