കൊല്ലം: സ്കൂൾ തുറക്കുന്ന നാളിലും തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഒരു ക്ലാസ് മുറി മാത്രം അടഞ്ഞുകിടക്കും. കഴിഞ്ഞ വർഷം സ്കൂൾ വളപ്പിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ എട്ട് ബി ക്ലാസ് മുറിയാണ് ഈ അധ്യയന വർഷവും തുറക്കാതിരിക്കാൻ അധികൃതർ തീരുമാനിച്ചത്.
2025 ജൂലായ് 17-നായിരുന്നു സംസ്ഥാനത്തെ നടുക്കിയ അപകടം. ക്ലാസ് മുറിയിൽ കളിക്കുന്നതിനിടെ സഹപാഠിയുടെ ചെരുപ്പ് സൈക്കിൾ ഷെഡിന്റെ മേൽക്കൂരയിൽ വീണതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിച്ച മിഥുൻ അപകടത്തിൽപ്പെടുകയായിരുന്നു. ക്ലാസ് മുറിയുടെ അരഭിത്തിക്ക് മുകളിലൂടെ ഷെഡിലേക്ക് ഇറങ്ങിയ മിഥുൻ കാൽവഴുതി സമീപത്തെ ത്രീ ഫേസ് വൈദ്യുത ലൈനിലേക്ക് വീഴുകയും ഗുരുതരമായി ഷോക്കേറ്റ് മരിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ എട്ട് ബി ഡിവിഷൻ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിന് കാരണമായ വൈദ്യുത ലൈൻ പിന്നീട് നീക്കം ചെയ്യുകയും കെട്ടിടത്തിൽ സുരക്ഷാ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അരഭിത്തിക്ക് മുകളിലെ മരപ്പലകകൾക്ക് പകരം ഇരുമ്പ് നെറ്റ് സ്ഥാപിക്കുകയും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു.
അപകടത്തിന് ശേഷം വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകിയ വിദഗ്ധർ, മിഥുന്റെ ഓർമ്മകൾ കുട്ടികളിൽ വീണ്ടും മാനസിക സമ്മർദ്ദമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് മുറി തുറക്കാതിരിക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്കൂൾ ഭരണത്തിൽ സർക്കാർ ഇടപെടുകയും സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വിവിധ സർക്കാർ വകുപ്പുകൾ സ്കൂളിൽ പരിശോധന നടത്തി സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കമ്മിറ്റി മിഥുന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ച് നൽകിയിരുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോഴും മിഥുന്റെ ഓർമ്മകൾ സ്കൂൾ സമൂഹത്തിന് ഇപ്പോഴും വേദനയായി തുടരുകയാണ്.
English Summary:
The classroom of Mithun, the student who died from an electric shock accident at Thevalakkara Boys High School last year, will remain closed even as schools reopen. Authorities decided not to reopen the Class 8B room to avoid causing emotional distress to students who were deeply affected by the tragedy. The school has since carried out major safety upgrades and inspections following the incident.
