തൃശൂർ: കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.
പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് വൃത്തിയാക്കുന്നതിനിടെയാണ് നിഷാദിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതമേറ്റത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ച് നിഷാദിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ഷേത്രത്തിന് സമീപത്തെ ഒരു വീടിലേക്കുള്ള സർവീസ് വയർ ക്ഷേത്രത്തിന്റെ ഷീറ്റിൽ തട്ടിനിന്നിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുവഴി ഷീറ്റിൽ വൈദ്യുതി പ്രവഹിച്ചതാകാമെന്നാണ് പ്രാഥമിക സംശയം.
സർവീസ് വയർ അശാസ്ത്രീയമായ രീതിയിലൂടെയാണ് കടന്നുപോകുന്നതെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തുകയാണ്.
നിഷാദിന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
English Summary
A young man died of electrocution while cleaning the roof of a temple in Kunnamkulam, Thrissur. The deceased has been identified as Nishad, a native of Porkkalengad. The incident occurred around 9 a.m. while he was cleaning metal roofing sheets. Locals rushed him to a nearby hospital after disconnecting the power supply, but he could not be saved. Residents allege that a service wire passing close to the temple roof may have caused the electrocution and have raised concerns about unsafe electrical wiring. Authorities have begun an investigation into the incident.
