കോട്ടയം: കാണക്കാരിയിൽ രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം. നമ്പ്യാകുളം ജങ്ഷനിൽ ഇന്ന് രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയമ്പത്തൂരിലെ കോളേജിൽനിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘത്തിന്റെ ടൂറിസ്റ്റ് ബസും മറ്റൊരു മിനി ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
കോട്ടയത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു
അങ്കമാലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മിനി ടൂറിസ്റ്റ് ബസെന്നാണ് വിവരം. അമിത വേഗത്തിലാണ് ബസ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് എതിർദിശയിൽ വരികയായിരുന്ന വിദ്യാർഥികളുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി വശത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
രണ്ട് വാഹനങ്ങളും തമിഴ്നാട് രജിസ്ട്രേഷനിലുള്ളവയാണ്.
കൊച്ചിയിൽ സ്വകാര്യ ബസ് മറിഞ്ഞു; 23 പേർക്ക് പരിക്ക്
കൊച്ചി: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് തൂണിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 23 യാത്രക്കാർക്ക് പരിക്ക്. കുമ്പളം ടോൾ പ്ലാസയിലാണ് അപകടമുണ്ടായത്.
ചേർത്തലയിൽനിന്ന് അരൂർ, വൈറ്റില വഴി കലൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്നതിനിടെ മീഡിയനിലേക്ക് കയറിയ ബസ് കോൺക്രീറ്റ് തൂണിൽ ശക്തമായി ഇടിക്കുകയായിരുന്നു.
കുമ്പളം ടോൾ പ്ലാസയിൽ അപകടം
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും ഗ്ലാസും പൂർണമായി തകർന്നു. 40ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ശക്തമായ ഇടിയിൽ ബസ് ഒരു വശത്തേക്ക് ചരിഞ്ഞതോടെ യാത്രക്കാർ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. പലർക്കും മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 23 പേരിൽ 17 പേർ സ്ത്രീകളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ വ്യക്തമാക്കി.
ഡ്രൈവറും കണ്ടക്ടറും സ്ഥലത്തുനിന്ന് മാറി
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് മാറിയതായി പൊലീസ് അറിയിച്ചു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
English Summary
Kottayam: Two tourist buses collided at Nambyakulam Junction in Kanakkary, Kottayam, on Friday morning. Six people were injured, but their injuries are not reported to be serious. The injured were admitted to a private hospital in Kottayam.
One bus was carrying a college tour group from Coimbatore to Vagamon, while the other was reportedly travelling from Angamaly to Thiruvananthapuram. Both buses are registered in Tamil Nadu. Local residents alleged that the mini tourist bus was travelling at high speed.
