facebook

കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി

1 Min Read

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥി അദ്വൈത് (15) ആണ് കണ്ടെത്തിയത്. തലശ്ശേരി ചോനാട് വെച്ച് മറ്റൊരാളുടെ മൊബൈൽ ഫോണിൽ നിന്നാണ് കുട്ടി വീട്ടുകാരെ ബന്ധപ്പെട്ടത്.

കൂത്തുപറമ്പിൽ കാണാതായ പത്താം ക്ലാസുകാരൻ വീട്ടുകാരെ വിളിച്ചു

ചൊവ്വാഴ്ച രാവിലെയാണ് 800 രൂപയുമായി അദ്വൈത് വീട്ടിൽനിന്ന് ഇറങ്ങിയത്. കൂത്തുപറമ്പിലെ പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു കുട്ടി വീട്ടിൽനിന്ന് പോയത്.

സാധാരണ ട്യൂഷൻ കഴിഞ്ഞ് നേരിട്ട് സ്കൂളിലേക്കാണ് അദ്വൈത് പോകാറുള്ളത്. എന്നാൽ കുട്ടി ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചു.

ട്യൂഷൻ സെന്ററിൽ എത്തിയില്ല; അന്വേഷണം തുടങ്ങി

വിവരം ലഭിച്ചതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിൽനിന്ന് ഇറങ്ങിയ അദ്വൈത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ കയറിയത്. തുടർന്ന് കണ്ണൂരിൽ ഇറങ്ങുകയായിരുന്നു.

ട്രെയിൻ ബോഗിയിൽ കഴിഞ്ഞതായി മൊഴി

ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങിയെന്നും രാവിലെ തിരികെ തലശ്ശേരിയിലേക്ക് പോയെന്നുമാണ് കുട്ടി പൊലീസിന് മൊഴി നൽകിയത്.

പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ വഴക്കുപറയുമെന്ന ഭയമാണ് വീടുവിടാൻ കാരണമെന്നും അദ്വൈത് പൊലീസിനോട് പറഞ്ഞു.

തുടർന്ന് കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary

A 15-year-old Class 10 student, Advait, who went missing from Koothuparamba in Kannur, has been found. He contacted his family using another person’s mobile phone from Chonad in Thalassery. The student reportedly told police that he left home fearing scolding from his parents over low exam marks. He was later handed over to his parents.

Share This Article