പാലക്കാട്: മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ വാതിൽ തെറിച്ചുവീണ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (എംവിഡി) കർശന നടപടി സ്വീകരിച്ചു. തച്ചമ്പാറയിലെ ദേശബന്ധു സ്കൂളിന്റെ ബസുമായി ബന്ധപ്പെട്ടാണ് നടപടി.
സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂളിന്റെ ബസുകൾക്ക് ആവശ്യമായ പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
വാതിൽ തെറിച്ചുവീണ ബസ് പരിശോധനയ്ക്ക് ഹാജരാക്കാതെ മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് എംവിഡി ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസും പിടിച്ചെടുത്തിട്ടുണ്ട്.
സ്കൂളിന്റെ ആറ് വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കിയത്. ഇവയിൽ ഫിറ്റ്നസ് സംബന്ധമായ നിയമനിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന വാഹനങ്ങളിൽ നിർബന്ധമായും ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാവിലെയാണ് മണ്ണാർക്കാട് തച്ചമ്പാറയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ വാതിൽ യാത്രയ്ക്കിടെ തെറിച്ചുവീണത്. സംഭവസമയത്ത് സമീപത്ത് കുട്ടികളോ മറ്റ് യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
അടിയന്തര സാഹചര്യത്തിൽ മറ്റൊരിടത്ത് നിന്ന് എത്തിച്ച ബസാണ് ഉപയോഗിച്ചതെന്നായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എംവിഡി അറിയിച്ചു.
English Summary
The Motor Vehicles Department (MVD) has taken action after the door of a moving school bus fell off in Mannarkkad, Palakkad. The bus belonged to Deshabandhu School in Thachampara. During the investigation, authorities found that the school’s buses lacked valid permits, insurance, and fitness certificates. The bus involved in the incident was allegedly moved without being presented for inspection, prompting officials to trace and seize it using GPS. The driver’s licence was also confiscated, and a fine of ₹30,000 was imposed. Fortunately, no children or pedestrians were injured when the door detached from the moving vehicle.
