facebook

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ കുടുങ്ങി; തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കാലാവസ്ഥ

2 Min Read

ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട പ്രമുഖ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് ദൗത്യത്തിന് വീണ്ടും കാലാവസ്ഥ വില്ലനാകുന്നു. പദ്ധതിയുടെ പതിമൂന്നാമത് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി പതിച്ച സ്റ്റാർഷിപ്പ് റോക്കറ്റിന്റെ മുകളിലെ ഘടകം കരയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അതിശക്തമായ പ്രതികൂല കാലാവസ്ഥ മൂലം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. വിക്ഷേപണം നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കിയെങ്കിലും, കടലിൽ നിന്ന് വാഹനം വീണ്ടെടുക്കാനുള്ള സാധ്യത നിലവിൽ പ്രതീക്ഷിച്ചത്ര സുഗമമല്ലെന്ന് സ്പേസ്എക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മസ്‌ക് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

ടെക്സസിലെ പ്രശസ്തമായ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ജൂലൈ 24-നാണ് ലോകം ഉറ്റുനോക്കിയ സ്റ്റാർഷിപ്പിന്റെ 13-ാമത് പരീക്ഷണ പറക്കൽ നടന്നത്. ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം കൃത്യതയോടെ പൂർത്തിയാക്കിയ റോക്കറ്റിന്റെ 52 മീറ്റർ നീളമുള്ള ‘ഷിപ്പ്’ എന്ന ഘടകം പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്തോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ മുൻകൂട്ടി നിശ്ചയിച്ച പോയിന്റിൽ വിജയകരമായി പതിക്കുകയായിരുന്നു. കടലിൽ പതിച്ചതിന് തൊട്ടുപിന്നാലെ വാഹനം ചരിഞ്ഞു മറിഞ്ഞുവെങ്കിലും റോക്കറ്റ് പൂർണമായി ത തകർന്നുപോയില്ല എന്നത് ദൗത്യത്തിന്റെ വലിയൊരു വിജയമായാണ് വിലയിരുത്തപ്പെട്ടത്.

തുടർന്ന് വാഹനം കരയിലെത്തിച്ച് പരിശോധിക്കാനുള്ള ശ്രമങ്ങൾ സ്പേസ്എക്സ് തുടങ്ങിയെങ്കിലും കടലിലെ കടുത്ത പ്രക്ഷുബ്ധത വില്ലനായി മാറുകയായിരുന്നു. ശക്തമായ തിരമാലകളും പ്രതികൂല കാലാവസ്ഥയും കാരണം വീണ്ടെടുപ്പ് ദൗത്യം താറുമാറായ അവസ്ഥയിലാണ്. വീണ്ടെടുപ്പ് ശ്രമങ്ങൾ എത്രത്തോളം വിജയകരമാകുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ഓഗസ്റ്റ് 7-ന് നടത്തിയ പ്രതികരണത്തിൽ ഇലോൺ മസ്‌ക് വ്യക്തമാക്കി. എന്നാൽ പ്രതികൂല സാഹചര്യത്തിലും താപസംരക്ഷണ കവചം, എൻജിൻ വിഭാഗം എന്നിവയുടെ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്തുവാൻ സംഘത്തിന് സാധിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ ഭാവിയിലെ രൂപകൽപ്പനയ്ക്ക് വലിയ രീതിയിൽ സഹായകമാകുമെന്നാണ് സ്പേസ്എക്സ് കരുതുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിക്ഷേപണ സംവിധാനമെന്ന പദവിയുള്ള സ്റ്റാർഷിപ്പ് ഏകദേശം 124 മീറ്റർ ഉയരമുള്ള കൂറ്റൻ റോക്കറ്റാണ്. ‘സൂപ്പർ ഹെവി’ ബൂസ്റ്ററും ‘ഷിപ്പ്’ എന്ന ഘടകവും അടങ്ങുന്ന ഈ സംവിധാനം പൂർണ്ണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. റോക്കറ്റുകൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് വലിയ തോതിൽ കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അന്തരീക്ഷത്തിലേക്ക് തിരികെ എത്തുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര ചൂടിനെ പ്രതിരോധിക്കാനുള്ള താപസംരക്ഷണ കവചത്തിന്റെ കാര്യക്ഷമതയും ഇതിനോടകം സ്പേസ്എക്സ് വിജയകരമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഈ പരീക്ഷണ പറക്കലിലൂടെ പുതിയ തലമുറയിൽപ്പെട്ട 20 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാൻ സാധിച്ചത് ദൗത്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നു. ഭാവിയിൽ ഏകദേശം ഒരു ലക്ഷത്തോളം ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഭീമൻ ശൃംഖല നിർമ്മിക്കാൻ ലക്ഷ്യമിടുന്ന സ്പേസ്എക്സിന് ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പരീക്ഷണ ദൗത്യത്തിലെ സ്റ്റാർഷിപ്പ് പൂർണമായി തിരികെ ലഭിക്കുമോ എന്നതിൽ ആശങ്ക തുടരുന്നുണ്ടെങ്കിലും, ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ബഹിരാകാശ യാത്രയുടെ ഭാവി വികസനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.

Share This Article