ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട്. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതികൾ കീഴടങ്ങാനുള്ള സാധ്യത പരിഗണിച്ചാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയതെന്നാണ് വിവരം. കേസിൽ ഉൾപ്പെട്ടവർക്ക് നേരത്തെ സസ്പെൻഷൻ ലഭിച്ചിരുന്നു.
ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ്. സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷൻ വഴി കടന്നുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസും അജയ് ജുവൽ കുര്യാക്കോസും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധക്കാരെ പൊലീസ് മാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങിയ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ചേർന്ന് ലാത്തി ഉപയോഗിച്ച് പ്രവർത്തകരെ മർദിച്ചെന്നാണ് കേസ്.
പരിക്കേറ്റ പ്രവർത്തകരുടെ മൊഴികളും സംഭവത്തിന്റെ ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോർട്ട് തയ്യാറാക്കിയത്. മർദനത്തിൽ തോമസിന് തലയ്ക്കും അജയ് ജുവലിന് കൈയ്ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും തുടക്കത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിക്കുകയും ഗൺമാൻമാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്.
English Summary:
A Special Investigation Team (SIT) has filed a report before the Alappuzha Magistrate Court invoking attempt-to-murder charges against former Chief Minister Pinarayi Vijayan’s security personnel in the alleged assault of Youth Congress activists during the Nava Kerala Yatra in December 2023. The report was prepared based on witness statements and video evidence, and follows earlier disciplinary action against the officers involved.
