തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തോടൊപ്പം അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും കൂടുതൽ ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ അനുകൂല സാഹചര്യങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ മേഖലകൾ എന്നിവിടങ്ങളിലേക്കും കാലവർഷം മുന്നേറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലും മറ്റൊരു ചക്രവാതച്ചുഴി സജീവമാണ്. തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട മറ്റൊരു ചക്രവാതച്ചുഴിയും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്.
മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയിൽ നിന്ന് ലക്ഷദ്വീപ് പ്രദേശം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും നിലവിലുണ്ട്. ഇത് സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണുള്ളത്.
ഈ സാഹചര്യത്തിൽ ജൂൺ 3 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
English Summary:
The India Meteorological Department (IMD) has forecast the onset of the southwest monsoon in Kerala within the next five days. Multiple cyclonic circulations over the Arabian Sea and Bay of Bengal, along with a low-pressure trough, are creating favorable conditions for monsoon advancement. Heavy rainfall is expected in isolated parts of Kerala and Mahe until June 3.

