മുംബൈ: മുംബൈയിലെ പൊവായിൽ ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. രാജേഷ് പ്രകാശ് സിംഗ് (27) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ടത് ഇയാളുടെ മകൻ യഷാണ്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന രാജേഷ്, പാൽ ആവശ്യപ്പെട്ട് കരയുന്ന മകന്റെ ശബ്ദം കേട്ട് ഉണർന്നു. കുട്ടിയുടെ കരച്ചിലിൽ പ്രകോപിതനായ ഇയാൾ യഷിന്റെ തല പലതവണ തറയിലിടിച്ച് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് ശേഷം കുട്ടി മരിച്ചതായി രാജേഷ് തന്റെ സഹോദരിയെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ട ചോദ്യംചെയ്യലിൽ കുറ്റം നിഷേധിച്ച രാജേഷ്, പിന്നീട് വിശദമായ അന്വേഷണത്തിനിടെ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഗൗതം നഗർ മേഖലയിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. രണ്ട് മക്കളിൽ ഇളയവനാണ് കൊല്ലപ്പെട്ട യഷ്. ഭിന്നശേഷിക്കാരനായിരുന്ന കുട്ടി പ്രധാനമായും പാൽ മാത്രമാണ് ഭക്ഷണമായി ഉപയോഗിച്ചിരുന്നത്.
തൊഴിൽരഹിതനായിരുന്ന രാജേഷ് അമിതമായി മദ്യപിച്ചിരുന്നുവെന്നും കുടുംബത്തെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് 15 ദിവസം മുൻപ് ഭാര്യ ഇയാളെയും മക്കളെയും വിട്ട് പോയിരുന്നു. കുടുംബത്തിലെ മറ്റൊരു അഞ്ച് വയസ്സുകാരൻ നിലവിൽ രാജേഷിന്റെ സഹോദരിക്കൊപ്പമാണ് കഴിയുന്നത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
A 27-year-old man, Rajesh Prakash Singh, was arrested in Mumbai’s Powai for allegedly killing his four-year-old differently-abled son, Yash. Police said the child was crying for milk when the father, reportedly angered by the noise, repeatedly smashed the boy’s head against the floor. The child died despite being rushed to hospital. Rajesh later confessed to the crime during interrogation.
