ഇടുക്കി: കെ.എസ്.ആർ.ടി.സിയിലെ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് പൂർത്തിയാക്കിയ ശേഷം പ്രിയപ്പെട്ട ബസിനെ തൊട്ടുതൊഴുത് യാത്ര പറഞ്ഞ് ഡ്രൈവർ പോൾ കുര്യൻ. ബസിന്റെ ടയറുകളിൽ തൊട്ടുതൊഴുത ശേഷം മുൻവശത്ത് ഇരുകൈകളും ചേർത്തുവെച്ച് ഒരു മുത്തം നൽകിയാണ് അദ്ദേഹം കണ്ണുനിറഞ്ഞ് പടിയിറങ്ങിയത്.
ഇടുക്കിയിലെയും കട്ടപ്പനയിലെയും ഡിപ്പോകളിലായി 18 വർഷം സേവനമനുഷ്ഠിച്ച പോൾ കുര്യന്റെ യാത്രയയപ്പ് ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. തൊഴിലിനോടും വാഹനത്തോടുമുള്ള ഡ്രൈവറുടെ ആദരവിന്റെ അടയാളമായാണ് പലരും വീഡിയോയെ വിശേഷിപ്പിച്ചത്.
പോൾ കുര്യൻ; പ്രിയപ്പെട്ട ബസിനോട് അവസാന യാത്ര
കട്ടപ്പന കൈരളി തെക്കേക്കരോട്ട് സ്വദേശിയായ പോൾ കുര്യന് 56 വയസാണ്. അവസാന എട്ട് വർഷം കുമളി ഡിപ്പോയിലായിരുന്നു സേവനം.
കുമളി-കമ്പം റൂട്ടിൽ ഒരേ ബസാണ് അദ്ദേഹം തുടർച്ചയായി ഓടിച്ചിരുന്നത്. ഇതുവരെ അപകടമോ ബ്രേക്ക് ഡൗണോ ഉണ്ടായിട്ടില്ലാത്ത ഈ ബസിനോട് പോളിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് പൂർത്തിയാക്കിയപ്പോൾ ബസിനോടുള്ള സ്നേഹം അദ്ദേഹം വ്യത്യസ്തമായി പ്രകടിപ്പിച്ചു.
കുമളി ഡിപ്പോയിലെ വീഡിയോ വൈറലായി
കുമളി ഡിപ്പോയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നതിനായി കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പിലെ ജീവനക്കാരൻ ജോസ് ഫിലിപ്പാണ് ദൃശ്യങ്ങൾ പകർത്തിയത്.
പിന്നീട് ഡ്രൈവർ അനന്തു മോഹൻദാസ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ദൃശ്യം വ്യാപകമായി പ്രചരിച്ചത്. തൊഴിലിനോടുള്ള ആത്മാർഥതയുടെ ഉദാഹരണമായാണ് നിരവധി പേർ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.
‘ഈ ബസും റൂട്ടും കിട്ടിയാൽ തുടരാൻ ആഗ്രഹം’
കർണാടകയിൽ ഏറെക്കാലം സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്ത ശേഷമാണ് പോൾ കെ.എസ്.ആർ.ടി.സിയിൽ എത്തിയത്.
“എട്ട് വർഷത്തോളം ഓടിച്ച ബസിനോട് പ്രത്യേക അടുപ്പമുണ്ട്. ഇതുവരെ അപകടമൊന്നുമുണ്ടായിട്ടില്ല. ബ്രേക്ക് ഡൗണായിട്ടില്ല. ഈ ബസും റൂട്ടും കിട്ടുകയാണെങ്കിൽ എംപാനൽ ഡ്രൈവറായി തുടരാൻ ആഗ്രഹമുണ്ട്,” പോൾ കുര്യൻ പറഞ്ഞു.
ഭാര്യ സൂസമ്മ. മക്കൾ അന്ന സൂസൻ പോൾ, എബിൻ പോൾ.
18 വർഷത്തെ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുമ്പോഴും പ്രിയപ്പെട്ട ബസിനോടുള്ള പോളിന്റെ സ്നേഹവും ആദരവും സഹപ്രവർത്തകരുടെയും യാത്രക്കാരുടെയും മനസിൽ വേറിട്ട ഓർമയായി.
