കോന്നി: രണ്ട് പഞ്ചായത്തുകളിൽ നിന്ന് ലൈഫ് ഭവന പദ്ധതിയുടെ 51.23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ. റാണി ലക്ഷ്മിയെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി.
ലൈഫ് ഭവന പദ്ധതി തട്ടിപ്പ്; പണം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്
ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമിക്കുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണിക്കുമായി അനുവദിച്ച പണം റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
കൊല്ലം നീണ്ടകരയിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ആകെ 51,23,000 രൂപ മാറ്റിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പഞ്ചായത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി വ്യാജരേഖകൾ ചമച്ചതായും പൊലീസ് ആരോപിച്ചു.
വീടുപണി പൂർത്തിയാക്കിയവർക്ക് പണം വൈകി
വീടുപണി പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് പണം നൽകുന്നതിൽ കാലതാമസം നേരിട്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതികൾ അന്വേഷണം നടത്തിയത്. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിമാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് റാണി ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.
അരുവാപ്പുലം പഞ്ചായത്തിലും സമാന തട്ടിപ്പ്?
റാണി ലക്ഷ്മി നേരത്തെ ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടക്കുമെന്നാണ് സൂചന.
അതേസമയം, ബന്ധുക്കളുമായി അടിപിടിയുണ്ടായ സംഭവത്തിൽ റാണി ലക്ഷ്മിക്കെതിരെ നേരത്തെ കോന്നി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
English Summary
A Village Extension Officer has been arrested in connection with an alleged ₹51.23 lakh fraud involving the LIFE housing scheme in two panchayats in Konni. M.R. Rani Lakshmi was arrested by Konni Police following complaints filed by the panchayat secretaries.
Police alleged that money sanctioned for house construction and repairs was transferred to bank accounts belonging to the accused’s relatives and friends. Fake documents were reportedly prepared by showing relatives and friends living outside the panchayats as beneficiaries. A similar irregularity is also suspected from the panchayat where she had worked earlier.
