facebook

50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം

2 Min Read

കൊല്ലം: കൊച്ചി മാതൃകയിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിര ക്യാന്റീൻ കൊല്ലം നഗരത്തിലും ആരംഭിക്കും. കോർപ്പറേഷന്റെ നേതൃത്വത്തിൽ രണ്ട് മാസത്തിനകം ക്യാന്റീൻ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികളിലാകും ക്യാന്റീൻ ഒരുക്കുക.

ഒരു ദിവസത്തെ മൂന്ന് നേരത്തെ ഭക്ഷണത്തിന് ആകെ 50 രൂപ ഈടാക്കുന്ന രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്. കുറഞ്ഞ ചെലവിൽ നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്കും ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇന്ദിര ക്യാന്റീൻ നാല് കടമുറികളിൽ

പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിലെ അടുത്തടുത്തുള്ള നാല് കടമുറികൾ കേന്ദ്രീകരിച്ചായിരിക്കും ക്യാന്റീന്റെ പ്രവർത്തനം.

പാചകത്തിനുള്ള പാത്രങ്ങൾ, ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യം, ഇന്റീരിയർ, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കുറഞ്ഞത് 50 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്ക്.

ഇതിനുള്ള തുകയും ആദ്യഘട്ടത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിനുള്ള ചെലവും കണ്ടെത്താൻ സി.എസ്.ആർ ഫണ്ട് ഉപയോഗിക്കാനാണ് ആലോചന.

കൂടുതൽ ആളുകളെത്തിയാൽ സ്വന്തം നിലയിൽ മുന്നോട്ട്

ക്യാന്റീനിലേക്ക് കൂടുതൽ ഉപഭോക്താക്കൾ എത്തുന്നതോടെ പിന്നീട് സ്വന്തം നിലയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കൊച്ചിയിലെ ഇന്ദിര ക്യാന്റീനിൽ പ്രതിദിനം ശരാശരി 2,000 പേർ എത്തുന്നുണ്ട്. ഇതേ മാതൃകയിൽ കൊല്ലത്തും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.

കൊച്ചിയിൽ ആദ്യഘട്ടത്തിൽ 20 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ ജീവനക്കാരുടെ എണ്ണം നൂറായി ഉയർത്തിയിട്ടുണ്ട്.

10 രൂപയ്ക്ക് പ്രഭാത ഭക്ഷണം; 20 രൂപയ്ക്ക് ഊണ്

പ്രഭാത ഭക്ഷണത്തിന് 10 രൂപ, ഉച്ചഭക്ഷണത്തിന് 20 രൂപ, രാത്രി ഭക്ഷണത്തിന് 10 രൂപ എന്നിങ്ങനെയാണ് നിലവിലെ ആലോചന.

മൂന്ന് നേരത്തെ ഭക്ഷണവും പാഴ്സലായി ലഭ്യമാക്കാനും പദ്ധതിയുണ്ട്. പാഴ്സലിന് പാക്കിംഗ് ചാർജ് അധികമായി നൽകേണ്ടിവരും.

ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി വിവിധ ഏജൻസികളുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇഡ്ഡലി മുതൽ ചപ്പാത്തി വരെ; മെനു ഇങ്ങനെ

രാവിലെ ഇഡ്ഡലി അല്ലെങ്കിൽ ദോശയ്ക്കൊപ്പം വെജിറ്റബിൾ കറിയാണ് ആലോചിക്കുന്ന മെനു.

ഉച്ചയ്ക്ക് ചോറ്, രണ്ട് കറികൾ, അച്ചാർ, തോരൻ എന്നിവ ഉൾപ്പെടുത്തും. രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് പരിഗണിക്കുന്നത്.

അതേസമയം, ഭക്ഷണത്തിന്റെ വിലയും മെനുവും കോർപ്പറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമമായി തീരുമാനിക്കുക.

English Summary

Kollam Corporation plans to launch an Indira Canteen in the city within two months, following the Kochi model. The canteen will operate from vacant rooms at the Polayathode Shopping Complex.

The proposed pricing is ₹10 for breakfast, ₹20 for lunch and ₹10 for dinner, bringing the total to ₹50 for three meals a day. Parcel service will also be available with an additional packing charge. The project is expected to require at least ₹50 lakh for basic infrastructure, and CSR funding is being considered.

Share This Article