ന്യൂഡൽഹി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീംകോടതി നാളെ പരിഗണിക്കും.
ദസറ അവധിക്കിടയിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് പ്രത്യേക ബെഞ്ച് വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുക.
മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ
മൂവർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു.
പിന്നീട് ഡിവിഷൻ ബെഞ്ചും ഈ ഉത്തരവ് ശരിവച്ചു. ഇതോടെയാണ് പിണറായി വിജയനും മറ്റുള്ളവരും സുപ്രീംകോടതിയെ സമീപിച്ചത്.
കേരള പൊലീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൈമാറിയ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ് അപ്പീലുകളിലെ പ്രധാന വാദം.
പിണറായി വിജയന് അറസ്റ്റ് സംരക്ഷണം ലഭിക്കുമോ?
മാസപ്പടി കേസിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടിനൊപ്പം അറസ്റ്റ് നടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കുമോയെന്നതും നിർണായകമാണ്. ഈ മാസം 23ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി. പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിജിലൻസ് എഫ്.ഐ.ആറും ഇ.ഡിയുടെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടും (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് സാധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
അടിയന്തര വാദം കേൾക്കണമെന്ന് അഭിഭാഷകൻ
അറസ്റ്റ് സംരക്ഷണം ലഭിച്ചില്ലെങ്കിൽ 82കാരനായ പിണറായി വിജയൻ കസ്റ്റഡിയിലാകാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പിണറായി വിജയന്റെയും മറ്റുള്ളവരുടെയും വാദം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജിലൻസ് കേസെടുക്കാൻ ഉത്തരവിട്ടതെന്നും അപ്പീലുകളിൽ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
മാസപ്പടി കേസിൽ സുപ്രീംകോടതി നിലപാട് നിർണായകം
വിജിലൻസ് കേസിന്റെ തുടർനടപടികളെയും അറസ്റ്റിൽനിന്നുള്ള സംരക്ഷണത്തെയും സംബന്ധിച്ച് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് കേസിൽ നിർണായകമാകും. അപ്പീലുകളിലെ വാദങ്ങൾ പരിഗണിച്ച ശേഷമായിരിക്കും കോടതി തുടർനടപടികളിൽ തീരുമാനമെടുക്കുക.
English Summary:
The Supreme Court’s special vacation bench is scheduled to hear appeals filed by former Kerala Chief Minister Pinarayi Vijayan, his daughter T. Veena, and former minister Muhammad Riyas in the Masappadi case. The appeals challenge Kerala High Court orders directing the registration of a vigilance case against them. A key issue is whether Pinarayi Vijayan will receive protection from arrest, as the Enforcement Directorate has reportedly asked him to appear for questioning on the 23rd of the month. The appellants argue that information shared by the ED with Kerala Police is insufficient on its own to justify registering a vigilance case.
