മുംബൈ: ഷൂ ഇല്ല, ട്രാക്ക് സ്യൂട്ടില്ല. തേഞ്ഞുതീരാറായ ചെരിപ്പ് കൈയിൽ പിടിച്ച് സാരി വാരിക്കൂട്ടി ഒരു അമ്മ മാരത്തൺ ഓടി. ലക്ഷ്യം ഒന്നേയുണ്ടായിരുന്നുള്ളൂ—മകൾക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ വാങ്ങാൻ ആവശ്യമായ പണം കണ്ടെത്തുക.
മഹാരാഷ്ട്രയിലെ ബീഡിലെ അംബാജൊഗായിൽ നടന്ന മാരത്തണിലാണ് 47കാരിയായ രമാബായി രൺവീർ ഒന്നാമതെത്തിയത്. വിജയത്തോടെ 3,000 രൂപ സമ്മാനവും സ്വന്തമാക്കി.
മകൾക്കായി മാരത്തൺ; ചെരിപ്പ് കൈയിൽ പിടിച്ച് ഓട്ടം
കായികദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥ അമൃത് ദൗഡ്’ മാരത്തണിലായിരുന്നു രമാബായിയുടെ മത്സരം.
30 വയസിന് മുകളിലുള്ളവർക്കായുള്ള മൂന്ന് കിലോമീറ്റർ മത്സരത്തിൽ തുടക്കത്തിൽ രമാബായി ചെരിപ്പിട്ട് ഓടി. എന്നാൽ കാൽ തെന്നിത്തുടങ്ങിയതോടെ ചെരിപ്പ് ഊരി കൈയിൽ പിടിച്ച് ഓട്ടം തുടർന്നു.
ഏകദേശം 30 മിനിറ്റിനുള്ളിൽ യുവതികളടക്കമുള്ള മത്സരാർഥികളെ പിന്നിലാക്കി രമാബായി ഫിനിഷ് ചെയ്തു. അപ്രതീക്ഷിതമായ വിജയം കണ്ട് സംഘാടകരും അമ്പരന്നു.
മകളുടെ പുസ്തകത്തിനായി വേണ്ടത് 3,200 രൂപ
ഹിംഗോലി ജില്ലയിലെ പോത്ര സ്വദേശിയാണ് രമാബായി. 2012ൽ ഭർത്താവ് മരിച്ചതോടെ രണ്ട് മക്കളുടെയും ഉത്തരവാദിത്വം രമാബായിയുടെ ചുമലിലായി.
സ്വന്തമായി ഒന്നുമില്ലാത്ത രമാബായി വീടുകളിലും മറ്റുള്ളവരുടെ കൃഷിയിടങ്ങളിലും ജോലി ചെയ്താണ് മക്കളെ പഠിപ്പിക്കുന്നത്. ഇളയ മകൾ ആരതി നന്ദേഡിലെ വിശ്വഭാരതി മഹാവിദ്യാലയത്തിൽ രണ്ടാം വർഷ ബി.എസ്സി വിദ്യാർഥിനിയാണ്.
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്കുള്ള പുസ്തകങ്ങൾ വാങ്ങാൻ ആരതിക്ക് 3,200 രൂപ ആവശ്യമായിരുന്നു. എന്നാൽ ആ തുക കണ്ടെത്താൻ രമാബായിക്ക് കഴിഞ്ഞില്ല.
എട്ടുദിവസം മകൾ മിണ്ടിയില്ല; പിന്നെ അമ്മ ഓടി
“പഠിക്കാൻ മിടുക്കിയാണ് ഇളയ മകൾ ആരതി. പുസ്തകങ്ങൾ വാങ്ങാൻ 3,200 രൂപ വേണമായിരുന്നു. എനിക്ക് അത് സംഘടിപ്പിക്കാനായില്ല. എട്ടുദിവസമായി അവൾ എന്നോട് മിണ്ടിയിട്ടില്ല. എനിക്ക് സങ്കടമായി. അപ്പോഴാണ് മാരത്തോണിനെക്കുറിച്ച് അറിഞ്ഞത്. ഞാനും പേര് കൊടുത്തു,” രമാബായി പറഞ്ഞു.
രമാബായിയുടെ ഓട്ടവും വിജയവും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കഥ ശ്രദ്ധേയമായി. രണ്ടാമതായി ഫിനിഷ് ചെയ്ത പൂജയ്ക്ക് 2,000 രൂപയാണ് സമ്മാനമായി ലഭിച്ചത്.
മകളുടെ പഠനത്തിനായി അമ്മ നടത്തിയ ഈ ഓട്ടം ഒടുവിൽ ഒരു മത്സരവിജയം മാത്രമല്ല, ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും മക്കളുടെ സ്വപ്നങ്ങൾക്കായി പോരാടുന്ന ഒരമ്മയുടെ കഥയായി മാറുകയായിരുന്നു.
English Summary
A 47-year-old mother, Ramabai Ranveer from Maharashtra, won a three-kilometre marathon in Ambajogai, Beed, and received a prize of ₹3,000. She reportedly entered the race to earn money to buy books for her younger daughter.
Ramabai, who lost her husband in 2012, supports her two children by working in homes and agricultural fields. Her daughter Aarti, a second-year BSc student, needed ₹3,200 worth of books for Maharashtra Public Service Commission exam preparation. Ramabai ran part of the marathon barefoot after her worn-out footwear began slipping.
