ന്യൂഡൽഹി: പ്രമുഖ വ്യവസായിയും എസ്സൽ ഗ്രൂപ്പ് ചെയർമാനുമായ സുഭാഷ് ചന്ദ്രയ്ക്ക് കടബാധ്യത കേസിൽ തിരിച്ചടി. 22,006 കോടി രൂപയുടെ വായ്പയ്ക്ക് പകരം 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്ന എൻസിഎൽടി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തത്.
വ്യക്തിഗത പാപ്പരത്തവുമായി ബന്ധപ്പെട്ട കേസിലായിരുന്നു നേരത്തെ ഉത്തരവ്. ഇതോടെ കേസ് വീണ്ടും പരിഗണിക്കാനും അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു.
സുഭാഷ് ചന്ദ്ര കേസിൽ എൻസിഎൽടി ഇടപെടൽ
വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നൽകാനുള്ള 22,006 കോടി രൂപയ്ക്ക് പകരം 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഉത്തരവ് പുറത്തുവന്നതോടെ വിഷയം പൊതുസമൂഹത്തിൽ വലിയ ചർച്ചയായി. തുടർന്ന് ബാങ്കുകൾക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത എൻസിഎൽടിയിൽ ഹാജരായി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
22,006 കോടിക്ക് പകരം 6.5 കോടി
തന്റെ പേരിലുള്ള ഏകദേശം 22,006 കോടി രൂപയുടെ വായ്പകൾ തീർക്കാൻ 6.5 കോടി രൂപ നൽകാമെന്നായിരുന്നു സുഭാഷ് ചന്ദ്ര നേരത്തെ കോടതിയെ അറിയിച്ചത്.
ഇത് അംഗീകരിച്ചാൽ വായ്പ നൽകിയ ബാങ്കുകൾക്ക് അവരുടെ പണത്തിന്റെ 99.97 ശതമാനവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമായിരുന്നു. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് അഞ്ചംഗ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.
സുഭാഷ് ചന്ദ്രയുടെ ആസ്തികളിലും പരിശോധന
ബാങ്കുകളുടെ ഔദ്യോഗിക പ്രതിനിധിയായ റെസല്യൂഷൻ പ്രൊഫഷണൽ നടത്തിയ പരിശോധനയിൽ സുഭാഷ് ചന്ദ്രയുടെ പേരിൽ ഇത്രയും വലിയ തുകയ്ക്ക് മതിയായ ആസ്തികളില്ലെന്ന് കണ്ടെത്തിയിരുന്നു.
അതുകൊണ്ട് 6.5 കോടി രൂപയുടെ തിരിച്ചടവ് പദ്ധതി തള്ളുകയും അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്താലും ബാങ്കുകൾക്ക് ഇതിൽ കൂടുതൽ തുക ലഭിക്കാൻ സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തൽ.
കേസ് വീണ്ടും പരിഗണിക്കും
എന്നാൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിവിധ ഹർജികൾ ലഭിച്ചതോടെയാണ് എൻസിഎൽടി അഞ്ചംഗ ബെഞ്ച് ഇടപെട്ടത്. ഉത്തരവ് സ്റ്റേ ചെയ്തതോടെ സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത പാപ്പരത്ത കേസിൽ തുടർവാദം നടക്കും.
കേസിൽ ബാങ്കുകളുടെ താൽപര്യവും തിരിച്ചടവിന്റെ സാധ്യതകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇനി ബെഞ്ച് വിശദമായി പരിശോധിക്കും.
English summary:
Industrialist and Essel Group Chairman Subhash Chandra has suffered a setback in a debt insolvency case. A five-member NCLT bench stayed an earlier single-member bench order that allowed him to settle liabilities of around ₹22,006 crore by paying ₹6.5 crore. The case will now be heard again. Solicitor General Tushar Mehta appeared before the tribunal on behalf of the banks and sought a stay on the earlier order. A resolution professional had reportedly found that Chandra did not have sufficient assets to cover the liabilities.
