facebook

ഭൂമിയിൽനിന്ന് ഒരു ലക്ഷം അടി മുകളിൽനിന്ന് ഫോൺ താഴേക്കിട്ടു; പൊട്ടലുപോലുമില്ല, ഗിന്നസ് റെക്കോർഡുമായി ഒരു മൊബൈൽ കെയ്സ്

3 Min Read

ഗിന്നസ് റെക്കോർഡുമായി ഒരു മൊബൈൽ കെയ്സ്

സ്മാർട്ട്ഫോൺ കൈവിട്ടൊന്ന് താഴെ വീണാൽ പോലും സ്ക്രീനിൽ ചെറിയൊരു പോറലുണ്ടായോ എന്ന് പരിശോധിക്കുന്നവരാണ് അധികവും. ഫോൺ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞ ഈ കാലത്ത്, ഭൂമിയിൽ നിന്ന് പതിനായിരക്കണക്കിന് മീറ്റർ ഉയരത്തിൽനിന്ന് ഒരു സ്മാർട്ട്ഫോൺ താഴേക്ക് വീണാൽ എന്തായിരിക്കും അവസ്ഥ? പൊടിപോലും ബാക്കിയാകില്ലെന്ന് കരുതിയേക്കാം. എന്നാൽ അത്തരമൊരു വീഴ്ചയെ അതിജീവിച്ച് അത്ഭുതകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു സ്മാർട്ട്ഫോൺ കെയ്സ്.

സ്ട്രാറ്റോസ്‌ഫിയറിൽ നിന്ന് ഫോൺ താഴേക്ക്

മൊബൈൽ കെയ്സ് നിർമാതാക്കളായ റൈനോഷീൽഡും യുകെ ആസ്ഥാനമായ എയറോസ്പേസ് കമ്പനിയായ സെന്റ് ഇൻടു സ്‌പേസും ചേർന്നാണ് ഈ വ്യത്യസ്ത പരീക്ഷണം നടത്തിയത്. ഭൂമിയിൽനിന്ന് ഏകദേശം ഒരു ലക്ഷം അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്‌ഫിയറിലേക്കാണ് റൈനോഷീൽഡിന്റെ പ്രത്യേക കെയ്സിൽ ഘടിപ്പിച്ച സ്മാർട്ട്ഫോൺ ബലൂണിന്റെ സഹായത്തോടെ എത്തിച്ചത്.

തുടർന്ന് സ്വീഡന്റെ വടക്കൻ മേഖലയിലേക്ക് ഫോൺ താഴേക്ക് ഇടുകയായിരുന്നു. ജൂൺ 24ന് സ്വീഡനിലെ കിരുനയിൽനിന്ന് ഫോൺ കണ്ടെത്തി. അതിശയിപ്പിക്കുന്ന കാര്യം, 30,607 മീറ്റർ ഉയരത്തിൽനിന്ന് ഭൂമിയിലേക്ക് വീണിട്ടും ഫോണിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല എന്നതാണ്.

എയർഎക്‌സ് കെയ്സിന്റെ കരുത്ത് പരീക്ഷിച്ചു

റൈനോഷീൽഡിന്റെ എയർഎക്‌സ് ഫോൺ കെയ്സിലാണ് പരീക്ഷണത്തിനായി സ്മാർട്ട്ഫോൺ സ്ഥാപിച്ചിരുന്നത്. വീഴ്ചയുടെ ആഘാതം പരമാവധി കുറയ്ക്കുന്നതിനും കെയ്സ് വീണ്ടും ഉപയോഗിക്കാനാകുന്ന തരത്തിലുമുള്ള പ്രത്യേക വസ്തുക്കൾ ഉപയോഗിച്ചാണ് എയർഎക്‌സ് രൂപകൽപന ചെയ്തിരിക്കുന്നത്.

സാധാരണ ഉയരങ്ങളിൽനിന്നുള്ള വീഴ്ചകളെ പ്രതിരോധിക്കാൻ കഴിയുമെന്ന അവകാശവാദത്തിനപ്പുറം, അത്യുയർന്ന ഉയരത്തിൽനിന്നുള്ള വീഴ്ചയെ കെയ്സിന് നേരിടാനാകുമോ എന്നതായിരുന്നു പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. ഭൂമിയിൽനിന്ന് മുകളിലേക്ക് പോകുമ്പോൾ താപനിലയിൽ വലിയ വ്യത്യാസമുണ്ടാകുന്നതിനാൽ അത്തരം സാഹചര്യങ്ങളെയും കെയ്സ് അതിജീവിച്ചു.

പാരച്യൂട്ട് പോലും ഉപയോഗിച്ചില്ല

ഗിന്നസ് വേൾഡ് റെക്കോർഡിനായുള്ള പരീക്ഷണത്തിൽ നിർണായകമായ മറ്റൊരു നിബന്ധനയുമുണ്ടായിരുന്നു. സ്മാർട്ട്ഫോൺ കെയ്സ് താഴേക്ക് വീഴുമ്പോൾ പാരച്യൂട്ട് ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഈ നിബന്ധന പാലിച്ചുകൊണ്ടാണ് ഫോൺ ഭൂമിയിലേക്ക് വീഴാൻ അനുവദിച്ചത്.

30,607 മീറ്റർ ഉയരത്തിൽനിന്ന് പാരച്യൂട്ടിന്റെ സഹായമില്ലാതെ ഫോൺ താഴേക്ക് പതിക്കുകയും പരീക്ഷണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതോടെ റൈനോഷീൽഡിനും സെന്റ് ഇൻടു സ്‌പേസിനും ഗിന്നസ് റെക്കോർഡ് സ്വന്തമായി. മൊബൈൽ കെയ്സിന്റെ സംരക്ഷണശേഷി തെളിയിക്കുന്ന ശ്രദ്ധേയമായ പരീക്ഷണമായി ഇത് മാറുകയും ചെയ്തു.

എയർബാഗിൽനിന്നും ചെരുപ്പിൽനിന്നും പ്രചോദനം

എയർഎക്‌സ് കെയ്സിന്റെ രൂപകൽപനയ്ക്ക് പിന്നിലെ ആശയം വാഹനങ്ങളിലെ എയർബാഗുകളിൽനിന്നും ചെരുപ്പുകളിൽ ഉപയോഗിക്കുന്ന എയർ കുഷ്യനിങ് സംവിധാനങ്ങളിൽനിന്നുമാണ് ലഭിച്ചതെന്ന് റൈനോഷീൽഡ് അറിയിച്ചു. ആഘാതത്തിന്റെ ശക്തി ഒരു പോയിന്റിൽ കേന്ദ്രീകരിക്കാതെ നിയന്ത്രിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് കെയ്സിന്റെ രൂപകൽപനയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

ഉയരത്തിൽനിന്നുള്ള വീഴ്ചയിൽ ഫോൺ നേരിടുന്ന ആഘാതം കുറയ്ക്കുന്നതിന് കെയ്സിന്റെ ഘടന സഹായിച്ചതായാണ് കമ്പനിയുടെ വിശദീകരണം. പുനഃരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നാണ് റൈനോഷീൽഡ് വ്യക്തമാക്കുന്നത്.

ഫോൺ കണ്ടെത്താൻ അഞ്ച് മണിക്കൂർ

പരീക്ഷണം വിജയകരമായി പൂർത്തിയായെങ്കിലും ഫോൺ കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. സ്വീഡനിലെ കിരുനയിൽ ഫോൺ പതിച്ചശേഷം പരിശോധനാ സംഘത്തിന് അത് കണ്ടെത്താൻ ഏകദേശം അഞ്ച് മണിക്കൂർ വേണ്ടിവന്നു.

പരീക്ഷണം നടത്തുമ്പോൾ താഴെയുള്ള ജനങ്ങൾക്കും പരിസരത്തിനും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് സംവിധാനങ്ങൾ ഒരുക്കിയിരുന്നതെന്ന് കമ്പനി അറിയിച്ചു. ഒടുവിൽ ഫോൺ കണ്ടെത്തിയപ്പോൾ അത് പ്രവർത്തനക്ഷമമായ നിലയിലായിരുന്നുവെന്നാണ് പരീക്ഷണത്തിന്റെ പ്രധാന നേട്ടം.

സ്മാർട്ട്ഫോൺ ചെറിയൊരു ഉയരത്തിൽനിന്ന് വീണാൽ പോലും സംരക്ഷിക്കാൻ പാടുപെടുന്ന സാധാരണ ഫോൺ കെയ്സുകളുടെ ലോകത്ത്, ഭൂമിയിൽനിന്ന് 30 കിലോമീറ്ററിലേറെ ഉയരത്തിൽനിന്നുള്ള വീഴ്ചയെ അതിജീവിച്ച എയർഎക്‌സ് കെയ്സിന്റെ പരീക്ഷണം ഏറെ കൗതുകമുണർത്തുന്നതാണ്. അതോടൊപ്പം മൊബൈൽ ഉപകരണങ്ങളുടെ സുരക്ഷാ സാങ്കേതികവിദ്യയിൽ പുതിയ സാധ്യതകൾ ചൂണ്ടിക്കാണിക്കുന്ന പരീക്ഷണമായും ഈ ഗിന്നസ് റെക്കോർഡ് മാറി.

Share This Article