facebook

2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

4 Min Read

തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും അർധരാത്രിയിൽ ട്രെയിനിൽനിന്ന് ഇറക്കിവിട്ട വനിതാ യാത്രക്കാരിക്ക് റെയിൽവേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ഉത്തരവിട്ടത്. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും തുക നൽകിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചു.

ടിക്കറ്റ് റിസർവേഷൻ ഉണ്ടായിട്ടും ബർത്ത് നിഷേധിച്ചു

തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2023 ജൂലൈ 30ന് 16348-ാം നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്കായിരുന്നു യാത്ര.

എസ്4 കോച്ചിലെ 41-ാം നമ്പർ ബർത്ത് അനുവദിച്ചിരുന്ന ജയസ്മിത ബർത്തിലെത്തിയപ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി കണ്ടെത്തി. തുടർന്ന് ടി.ടി.ഇയെ സമീപിച്ചപ്പോൾ ടിക്കറ്റ് വെബിൽ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

താൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് നേരിട്ട് എടുത്ത ടിക്കറ്റ് ഓൺലൈനായി എങ്ങനെ റദ്ദാക്കാനാകുമെന്ന് ചോദിച്ചെങ്കിലും ടി.ടി.ഇ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് പരാതി.

500 രൂപ പിഴ ആവശ്യപ്പെട്ടെന്നും പരാതി

500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടി.ടി.ഇ അറിയിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ യാത്രക്കാരിയുടെ കൈയിൽ 500 രൂപ പണമായി ഉണ്ടായിരുന്നില്ല.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റദ്ദാക്കിയ വ്യക്തിയുടെ വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ടി.ടി.ഇ നൽകിയില്ലെന്നും പരാതിക്കാരി പറഞ്ഞു. അർധരാത്രിയായതിനാൽ ട്രെയിനിൽനിന്ന് ഇറക്കിവിടരുതെന്ന് അപേക്ഷിച്ചെങ്കിലും അത് പരിഗണിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയിൽ ആരോപിച്ചു.

ട്രെയിൻ ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന പേരിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ആർപിഎഫ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയെന്നാണ് പരാതി.

റെയിൽവേ പിന്നീട് കേസ് പിൻവലിച്ചു

തുടർന്നുള്ള അന്വേഷണത്തിൽ കേസ് തെറ്റായി രജിസ്റ്റർ ചെയ്തതാണെന്ന് മനസിലാക്കി റെയിൽവേ തന്നെ പിന്നീട് കേസ് പിൻവലിച്ചു.

യാത്രക്കാരി നൽകിയ പരാതിയിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നടത്തിയ അന്വേഷണത്തിലാണ് ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട നിർണായക വിവരം പുറത്തുവന്നത്.

റിസർവേഷൻ ഫോമിലെ ഫോൺ നമ്പറിൽ ഒരക്കം മാറി

പരാതിക്കാരി റിസർവേഷൻ ഫോമിൽ രേഖപ്പെടുത്തിയ മൊബൈൽ ഫോൺ നമ്പറിൽ ഒരു അക്കം ബുക്കിംഗ് സൈറ്റിൽ മാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട സന്ദേശം മറ്റൊരു നമ്പറിലേക്കാണ് പോയത്.

മെസേജ് ലഭിച്ച വ്യക്തി താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈനായി റദ്ദാക്കുകയായിരുന്നു. എന്നാൽ റിസർവേഷൻ ഫോമിൽ താൻ രേഖപ്പെടുത്തിയത് സ്വന്തം മൊബൈൽ നമ്പർ തന്നെയാണെന്നും തെറ്റ് സംഭവിച്ചത് ബുക്കിംഗ് ക്ലാർക്കിനാണെന്നും പരാതിക്കാരി വാദിച്ചു.

‘ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീയെ അർധരാത്രിയിൽ ഇറക്കിവിട്ടത് തെറ്റ്’

റെയിൽവേ ആക്ടിലെ സെക്ഷൻ 139 പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീയെ അർധരാത്രിയിൽ ട്രെയിനിൽനിന്ന് ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി.

പരാതി വിഷയത്തിൽ റെയിൽവേ ആക്ടിലെ 137, 139 വകുപ്പുകളുടെ ലംഘനമുണ്ടായതായി കമ്മീഷൻ കണ്ടെത്തി. മാതാപിതാക്കളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവേ സ്വീകരിച്ച നടപടി നീതിപൂർവകമല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

അന്തസോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശവും മനുഷ്യാവകാശവും ലംഘിക്കപ്പെട്ടതായും കമ്മീഷൻ വിലയിരുത്തി.

കരാർ ജോലി നഷ്ടപ്പെട്ടതിലും നടപടി വേണം

തനിക്കെതിരെ ആർപിഎഫ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ പേരിൽ സർക്കാരിലെ കരാർ ജോലി നഷ്ടമായെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

ഇക്കാര്യത്തിൽ സർക്കാരിന് അപേക്ഷ നൽകാൻ കമ്മീഷൻ നിർദേശിച്ചു. അപേക്ഷയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.

നഷ്ടപരിഹാരം വൈകിയാൽ 8 ശതമാനം പലിശ

റെയിൽവേ ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിലെ നിർദേശം. എന്നാൽ ആറാഴ്ചയ്ക്കകം തുക നൽകാത്ത പക്ഷം 8 ശതമാനം പലിശ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.

സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണം നടത്തി തുക നിയമപ്രകാരം ഈടാക്കുന്നതിന് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം

റെയിൽവേ ആക്ടിലെ 137, 139 വകുപ്പുകൾ കൃത്യമായി പാലിക്കണമെന്ന് നിർദേശിക്കുന്ന സർക്കുലർ റെയിൽവേ അധികൃതർ ഉടൻ പുറത്തിറക്കി ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

കൂടാതെ, രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ റെയിൽവേ ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

English Summary:
The Kerala State Human Rights Commission has ordered the Railways to pay ₹2 lakh compensation to a woman passenger who was allegedly removed from a train at midnight despite having a reservation. The Commission found violations of Sections 137 and 139 of the Railways Act and said her constitutional and human rights were violated. The Railways must pay the compensation within the stipulated period, failing which 8% interest will apply.

Share This Article