എച്ച്4 വീസക്കാരുടെ തൊഴിലനുമതി നിർത്താൻ നീക്കം
വാഷിങ്ടൻ∙ എച്ച്1ബി വീസയിൽ ജോലി ചെയ്യുന്നതിനായി യുഎസിലെത്തുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികളുടെ ആശ്രിതർക്ക് ലഭിക്കുന്ന തൊഴിൽ അവകാശത്തിൽ നിർണായക മാറ്റത്തിന് നീക്കം.
https://www.facebook.com/profile.php?id=61583798340466
എച്ച്1ബി വീസക്കാരുടെ ആശ്രിതരായ എച്ച്4 വീസക്കാർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന നിലവിലെ സംവിധാനം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുനരാലോചിക്കുകയാണ്.
എച്ച്4 വീസക്കാർക്ക് നിയമപരമായി ജോലി ചെയ്യാൻ ആവശ്യമായ എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അഥവാ തൊഴിലനുമതി രേഖ അനുവദിക്കുന്ന വ്യവസ്ഥയാണ് പുനഃപരിശോധിക്കുന്നത്.
ഇതുസംബന്ധിച്ച നിർദേശം ഓഫിസ് ഓഫ് ഇൻഫർമേഷൻ ആൻഡ് റെഗുലേറ്ററി അഫയേഴ്സിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാൽ നിർദേശം ഉടൻ പ്രാബല്യത്തിൽ വരില്ലെന്നും ഇതിനായി തുടർനടപടികളും ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒബാമ ഭരണകാലത്ത് കൊണ്ടുവന്ന തൊഴിൽ അവകാശം
എച്ച്1ബി വീസക്കാരുടെ ആശ്രിതർക്ക് യുഎസിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്ന തരത്തിൽ നിയമത്തിൽ മാറ്റം കൊണ്ടുവന്നത് 2015ലാണ്.
അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്താണ് എച്ച്4 വീസക്കാരിൽ ചില വിഭാഗങ്ങൾക്ക് തൊഴിലനുമതി രേഖ അനുവദിക്കുന്നതിനുള്ള ചട്ടം പരിഷ്കരിച്ചത്.
അതോടെ എച്ച്1ബി വീസയിൽ യുഎസിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്കും യോഗ്യതയുള്ള ചില ആശ്രിതർക്കും തൊഴിലനുമതി രേഖ സ്വന്തമാക്കി നിയമപരമായി ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു.
കുടുംബമായി യുഎസിൽ കഴിയുന്ന നിരവധി വിദേശികൾക്ക് ഈ സംവിധാനം വലിയ ആശ്വാസമായിരുന്നു.
എച്ച്4 വീസക്കാർക്ക് യുഎസിൽ താമസിക്കാനും ഡ്രൈവിങ് ലൈസൻസ് നേടാനും ബാങ്ക് അക്കൗണ്ട് തുറക്കാനും സാധിക്കും.
എന്നാൽ ജോലി ചെയ്യുന്നതിന് പ്രത്യേകം എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് ആവശ്യമാണ്. ഈ രേഖ നൽകുന്ന നിലവിലെ സംവിധാനമാണ് ഇപ്പോൾ വീണ്ടും പരിഗണിക്കുന്നത്.
എച്ച്4 വീസക്കാരുടെ തൊഴിലനുമതി നിർത്താൻ നീക്കം
ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ
എച്ച്4 വീസയുടെ തൊഴിൽ അനുമതി അവസാനിപ്പിക്കുന്ന തീരുമാനം നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന വിഭാഗങ്ങളിൽ ഇന്ത്യക്കാരും ഉൾപ്പെടും.
എച്ച്1ബി വീസ ലഭിച്ച് യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ കുടുംബങ്ങളിൽ വലിയൊരു വിഭാഗം എച്ച്4 ആശ്രിതവീസയിലാണ്.
2014 മുതൽ 2017 വരെയുള്ള കാലയളവിൽ എച്ച്4 വീസയിൽ തൊഴിലനുമതി രേഖയ്ക്കായി അപേക്ഷിച്ചവരിൽ 93 ശതമാനവും ഇന്ത്യക്കാരായിരുന്നുവെന്നാണ് കണക്ക്. അപേക്ഷകരിൽ 94 ശതമാനം പേരും വനിതകളായിരുന്നു. അതിനാൽ തൊഴിലനുമതി നിർത്താനുള്ള നീക്കം യുഎസിലെ ഇന്ത്യൻ പ്രവാസി കുടുംബങ്ങളിൽ പ്രത്യേകിച്ച് ആശങ്ക സൃഷ്ടിച്ചേക്കാം.
എച്ച്1ബി നിയമങ്ങളിൽ കടുത്ത സമീപനം
യുഎസിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനുള്ള നിയമങ്ങളിൽ ട്രംപ് ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
എച്ച്1ബി വീസയുമായി ബന്ധപ്പെട്ട ഫീസ് 1,03,265 ഡോളറായി ഉയർത്താനുള്ള നീക്കം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് അടുത്തിടെ ഉണ്ടായത്.
നിലവിലുള്ള ജോലി നഷ്ടപ്പെടുന്ന എച്ച്1ബി വീസക്കാർക്ക് പുതിയ ജോലി കണ്ടെത്തുന്നതിനായി അനുവദിക്കുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡ് അവസാനിപ്പിക്കുന്നതിനുള്ള നീക്കവും ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. വിദേശ തൊഴിലാളികൾക്ക് യുഎസിൽ ജോലി ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങളെയും വിലയിരുത്തുന്നത്.
തീരുമാനം പ്രാബല്യത്തിൽ വരാൻ സമയമെടുക്കും
എച്ച്4 വീസക്കാരുടെ തൊഴിലനുമതി രേഖ സംബന്ധിച്ച നിർദേശം പ്രസിദ്ധീകരിച്ചെങ്കിലും അതുകൊണ്ട് നിലവിലെ തൊഴിൽ അവകാശം ഉടൻ അവസാനിക്കില്ല. നിർദേശം ഔദ്യോഗികമായി നടപ്പാക്കുന്നതിന് വിവിധ ഘട്ടങ്ങളിലുള്ള നിയമപരവും ഭരണപരവുമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
അതിനാൽ നിലവിൽ എച്ച്4 വീസയുടെ അടിസ്ഥാനത്തിൽ തൊഴിലനുമതി രേഖ കൈവശമുള്ളവർക്കും അതിന് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർക്കും ഭാവിയിലെ നടപടിക്രമങ്ങൾ നിർണായകമാണ്. നിർദേശം അന്തിമ ചട്ടമായി മാറുമോ, നിലവിലെ സംവിധാനത്തിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകും തുടങ്ങിയ കാര്യങ്ങൾ തുടർനടപടികൾക്കുശേഷമേ വ്യക്തമാകൂ.
