അസൻസോളിലും മുംബൈയ്ക്കും ശേഷം ഇനി കൊച്ചിയിലേക്ക്; റെയിൽവേയുടെ ‘റെയിൽ (വീൽസ്) ഓൺ റസ്റ്റോറന്റ്’ വിജയഗാഥ

1 Min Read
1 Min Read

കൊച്ചി: റെയിൽ പാളത്തിൽ നിർത്തിയിട്ട പഴയ റെയിൽവേ ബോഗികളെ ഭക്ഷണശാലകളാക്കി മാറ്റുന്ന ‘റെയിൽ (വീൽസ്) ഓൺ റസ്റ്റോറന്റ്’ പദ്ധതിയുമായി കൊച്ചി തുറമുഖം. സംസ്ഥാനത്തെ ആദ്യ റെയിൽ ബോഗി ഭക്ഷണശാല ഓണത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.

കൊച്ചി തുറമുഖ കവാടത്തിന് സമീപം പഴയ ഹാൾട്ട് സ്റ്റേഷനോട് ചേർന്നുള്ള റെയിൽ പാളത്തിലാണ് ഭക്ഷണശാല ഒരുക്കുന്നത്. പഴയ റെയിൽവേ ബോഗികൾ നവീകരിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണശാലയാക്കി മാറ്റുന്ന പദ്ധതിയാണിത്.

കേരളത്തിൽ കൊച്ചിയിലും തമിഴ്നാട്ടിലെ നാഗർകോവിലിലും ഈ മാതൃകയിലുള്ള റെയിൽ ബോഗി റസ്റ്റോറന്റുകളാണ് ആരംഭിക്കുന്നത്. വിനോദസഞ്ചാര പ്രാധാന്യവും ആവശ്യമായ സ്ഥലസൗകര്യവും പരിഗണിച്ചാണ് കൊച്ചിയെ പദ്ധതിക്കായി തെരഞ്ഞെടുത്തത്.

തനത് കേരള വിഭവങ്ങൾ, പ്രത്യേക ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ, നാടൻ പാനീയങ്ങൾ എന്നിവ ഭക്ഷണശാലയിൽ ലഭ്യമാകും. പഴക്കംചെന്ന റെയിൽവേ ബോഗികളുടെ പുനരുപയോഗവും വിനോദസഞ്ചാര ആകർഷണവും ലക്ഷ്യമിട്ടാണ് റെയിൽവേ ബോർഡ് പദ്ധതി ആവിഷ്കരിച്ചത്.

എ.സി കോച്ചുകൾ ഉൾപ്പെടെ രണ്ടിലധികം ബോഗികൾ കൂട്ടിച്ചേർത്ത് ആകർഷകമായ ഭക്ഷണശാല അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലാണ് നിർമാണം. കരാർ അടിസ്ഥാനത്തിലായിരിക്കും ഭക്ഷണശാലയുടെ നടത്തിപ്പ്.

2020-ൽ പശ്ചിമ ബംഗാളിലെ അസൻസോൾ സ്റ്റേഷനിലും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലുമാണ് രാജ്യത്തെ ആദ്യ റെയിൽ ഓൺ റസ്റ്റോറന്റുകൾ ആരംഭിച്ചത്. നിലവിൽ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം നിരവധി റെയിൽ ബോഗി ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്.

English Summary:

Kerala’s first ‘Rail on Restaurant’ is set to open at Kochi Port, where old railway coaches will be converted into a unique dining destination. Expected to launch around Onam, the restaurant will offer traditional Kerala cuisine, sweets, and beverages. The project aims to promote tourism while reusing decommissioned railway coaches in an innovative way.

Share This Article