facebook

ഇന്ത്യൻ കോൺസുലർ സേവനങ്ങൾ: യുഎഇയിൽ പുതിയ ടെൻഡർ

2 Min Read

അബുദാബി: യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ പുറംകരാർ അടിസ്ഥാനത്തിൽ നടത്തുന്നതിനായി ഇന്ത്യൻ എംബസി പുതിയ ടെൻഡർ ക്ഷണിച്ചു. പാസ്‌പോർട്ട്, വീസ, അറ്റസ്‌റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി യുഎഇയിലുടനീളം 15 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ഐസിഎസി) പ്രവർത്തിപ്പിക്കാനാണ് നടപടി.

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ നടപടി

മുൻ ടെൻഡറിലെ സാങ്കേതിക മൂല്യനിർണയം ചോദ്യം ചെയ്ത് ചില കമ്പനികൾ നൽകിയ ഹർജിയെ തുടർന്ന് ഡൽഹി ഹൈക്കോടതി പുതിയ ടെൻഡർ വിളിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.

തുടർന്ന് മൂന്ന് മാസത്തിനകം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. അതേസമയം, പ്രവാസികൾക്ക് സേവനം തടസ്സപ്പെടാതിരിക്കാൻ ഇടക്കാല ആശ്വാസമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് സേവനം തുടരാൻ അനുമതി നൽകി.

15 കേന്ദ്രങ്ങളിൽ പുതിയ ഐസിഎസി

പുതിയ ടെൻഡർ പ്രകാരം അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലായി 15 ഐസിഎസി കേന്ദ്രങ്ങൾ പ്രവർത്തിക്കും.

കരാർ കാലാവധി മൂന്ന് വർഷമാണ്. കരാർ ഒപ്പുവച്ച് 45 ദിവസത്തിനകം തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി പ്രവർത്തനം ആരംഭിക്കണം. ഒക്ടോബർ എട്ടിനാണ് പ്രീ-ബിഡ് യോഗം.

ഒക്ടോബർ 26ന് ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം. സാങ്കേതിക, സാമ്പത്തിക മൂല്യനിർണയങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന എൽ1 ഏജൻസിയെ തിരഞ്ഞെടുക്കും.

നിലവിൽ 16 കേന്ദ്രങ്ങളിൽ അൽഹിന്ദ് സേവനം

നിലവിൽ യുഎഇയിലുടനീളം 16 കേന്ദ്രങ്ങളിലൂടെയാണ് അൽഹിന്ദ് പാസ്‌പോർട്ട്, വീസ, അറ്റസ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഇന്ത്യൻ കോൺസുലർ സേവനങ്ങൾ നൽകുന്നത്.

ഫോം പൂരിപ്പിക്കൽ, ഫോട്ടോ, കൊറിയർ തുടങ്ങിയ സൗകര്യങ്ങൾക്ക് 19 ദിർഹമാണ് അൽഹിന്ദ് ഈടാക്കുന്നത്. തുടക്കത്തിൽ തിരക്കും തീർപ്പാക്കാത്ത അപേക്ഷകളുടെ ആധിക്യവും നേരിട്ടെങ്കിലും നിലവിൽ പ്രശ്‌നങ്ങൾ പരിഹരിച്ചതായി സ്ഥാപനം അറിയിച്ചു.

ഇതിനിടെ ഞായറാഴ്ചകളിലും അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി അൽഹിന്ദ് വ്യക്തമാക്കി. പുതിയ ടെൻഡർ നടപടികൾ പൂർത്തിയായാൽ സേവനദാതാവിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ആറ് ലക്ഷം കോൺസുലർ സേവനങ്ങൾ

40 ലക്ഷത്തിലേറെ വരുന്ന യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നിലവിലെ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം യുഎഇയിലെ ഇന്ത്യൻ മിഷനുകൾ വഴി ആറ് ലക്ഷത്തോളം കോൺസുലർ സേവനങ്ങളാണ് നൽകിയത്.

ഇതിൽ ഏകദേശം നാല് ലക്ഷം പാസ്‌പോർട്ട് സേവനങ്ങളും ഉൾപ്പെടുന്നു. പുതിയ ടെൻഡറിലൂടെ സേവനങ്ങളുടെ നടത്തിപ്പിനായി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഏജൻസിയെയാണ് തിരഞ്ഞെടുക്കുന്നത്.

English summary:The Indian Embassy in the UAE has invited a fresh tender to outsource Indian consular services, including passport, visa and attestation services. The new contract will cover 15 Indian Consular Application Centres across the UAE for three years. The tender follows a Supreme Court direction to complete the process within three months. Alhind Tours and Travels is currently providing services as an interim arrangement. Applications can be submitted until October 26, while the pre-bid meeting is scheduled for October 8.

Share This Article