facebook

ഹോർമുസ് കടലിടുക്ക് ‘കുടുക്കായി’; കേരള കയറ്റുമതിക്ക് വൻ തിരിച്ചടി

2 Min Read

മട്ടാഞ്ചേരി: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കേരളത്തിന്റെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മാസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്ന് കയറ്റിയയച്ച ചരക്കുകൾ പോലും ലക്ഷ്യസ്ഥാനത്ത് എത്താത്ത സ്ഥിതിയാണ്. ഓണം വിപണി ലക്ഷ്യമിട്ട് ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ച ഉത്പന്നങ്ങളും കടലിൽ കുടുങ്ങിയതോടെ കോടികളുടെ വ്യാപാരമാണ് പ്രതിസന്ധിയിലായത്.

പച്ചക്കറി ഉൾപ്പെടെയുള്ള കേടാകുന്ന ഉത്പന്നങ്ങളും ഇതിൽപ്പെടുന്നു. ചരക്കുകൾ സമയത്ത് എത്താത്തതിനാൽ വിദേശരാജ്യങ്ങളിലെ ഓണം വിപണിയെ ആശ്രയിച്ചുള്ള വ്യാപാരത്തെയും പ്രതിസന്ധി സാരമായി ബാധിച്ചു.

ഹോർമുസ് കടലിടുക്ക് ‘കുടുക്കായി’; കയറ്റുമതി നിലച്ചു

പുതിയ ചരക്കുകൾ കയറ്റിയയക്കുന്നതിലും കമ്പനികൾക്ക് ആശങ്കയുണ്ട്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് ഉത്പന്നങ്ങൾ അയക്കേണ്ട സമയമായിട്ടും അനിശ്ചിതത്വം തുടരുന്നതിനാൽ പല കമ്പനികളും കയറ്റുമതിയിൽനിന്ന് പിന്മാറുകയാണ്.

അതേസമയം, കടലിൽ കുടുങ്ങിക്കിടക്കുന്ന ചരക്കുകൾ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതോടെ കയറ്റുമതി മേഖലയിലെ നഷ്ടം കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.

സമുദ്രോത്പന്ന മേഖലയിലും പ്രതിസന്ധി

കോടിക്കണക്കിന് രൂപയുടെ കയറ്റുമതി നടക്കുന്ന സമുദ്രോത്പന്ന വ്യവസായത്തിലും ആശങ്ക ശക്തമാണ്. ശേഖരിച്ചുവച്ച സമുദ്രോത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റിയയക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

കയറ്റുമതി വലിയ സാഹസമായി മാറിയതോടെ കമ്പനികൾ പിന്നാക്കം പോകുന്നു. കമ്പനികളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധി ബാധിക്കുന്നുണ്ട്.

കൊച്ചിയിൽനിന്നുള്ള ചരക്ക് മുംബൈയിൽ ഇറക്കി

അടുത്തിടെ കൊച്ചിയിൽനിന്ന് പുറപ്പെട്ട ഒരു കപ്പൽ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തില്ലെന്ന് വ്യക്തമായതോടെ ചരക്ക് മുംബൈ തുറമുഖത്ത് ഇറക്കിവെച്ചിരുന്നു.

ഇതിന് ഡമറേജ് ചാർജും നൽകേണ്ടിവന്നു. ഇപ്പോൾ ചരക്ക് തിരിച്ചെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇതുവഴി കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായതായും വ്യാപാരമേഖല പറയുന്നു.

കണ്ടെയ്നർ ചാർജ് ഇരട്ടിയിലേറെ

ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു കണ്ടെയ്നർ അയക്കുന്നതിന് നേരത്തെ ഏകദേശം 700 ഡോളറായിരുന്നു ലൈനർ ചാർജ്. പുതിയ സാഹചര്യത്തിൽ ഇത് 1500 ഡോളർ വരെ ഉയർന്നിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലേക്ക് സാധാരണ അഞ്ച് ദിവസത്തിനുള്ളിൽ എത്തിയിരുന്ന ചരക്കുകൾക്ക് ഇപ്പോൾ ഒരു മാസം കഴിഞ്ഞിട്ടും ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്ത സ്ഥിതിയാണ്.

കപ്പലുകൾ മറ്റ് തുറമുഖങ്ങളിൽ കുടുങ്ങുന്നു

ചരക്കുകളുമായി കപ്പലുകൾ മറ്റ് തുറമുഖങ്ങളിൽ ദിവസങ്ങളോളം കാത്തുകിടക്കേണ്ടിവരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതോടെ കപ്പൽ ചാർജ് വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

കയറ്റുമതിച്ചെലവിന് പുറമേ ഈ അധിക ചെലവുകളും കമ്പനികൾ വഹിക്കേണ്ടിവരും. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഇതോടെ അനിശ്ചിതത്വത്തിലാണ്.

കാലി കണ്ടെയ്നറുകൾ കിട്ടാനില്ല

ആയിരക്കണക്കിന് കണ്ടെയ്നറുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നതിനാൽ പുതിയ ചരക്കുകൾ കയറ്റാൻ കാലി കണ്ടെയ്നറുകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്.

ചരക്ക് ലക്ഷ്യസ്ഥാനത്ത് സ്വീകരിച്ചശേഷമാണ് കാലി കണ്ടെയ്നറുകൾ തിരിച്ചയക്കുന്നത്. അതിനാൽ സമുദ്രോത്പന്ന വ്യവസായങ്ങൾ ഉൾപ്പെടെയുള്ള കയറ്റുമതി മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

സമുദ്രോത്പന്നങ്ങൾക്കായി ആവശ്യമായ റഫ്രിജറേറ്റഡ് കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും വ്യവസായ മേഖലയെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.

Share This Article