ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ തുടരുന്നതിനിടെ വിമാന സർവീസുകൾക്കും നഗരത്തിലെ ഗതാഗതത്തിനും വലിയ തിരിച്ചടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 400 വിമാനങ്ങൾ വൈകി. 26 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ 15 സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
ഡൽഹിയിൽ കനത്ത മഴ; വിമാന സർവീസുകൾ താറുമാറായി
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ഡൽഹി വിമാനത്താവളത്തിലെ സർവീസുകളെ സാരമായി ബാധിച്ചു. വഴിതിരിച്ചുവിട്ട 15 വിമാനങ്ങളിൽ 12 എണ്ണം ജയ്പൂരിലേക്കും രണ്ട് എണ്ണം ചണ്ഡിഗഢിലേക്കും ഒരെണ്ണം ലഖ്നൗവിലേക്കുമാണ് തിരിച്ചുവിട്ടത്.
ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ മൂന്നെണ്ണം അന്താരാഷ്ട്ര സർവീസുകളായിരുന്നു. അതേസമയം, വിമാനത്താവളത്തിലെത്തേണ്ട സർവീസുകൾ വൈകിയതോടെ യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് നേരിട്ടു.
വിവിധ മേഖലകളിൽ ശക്തമായ മഴ
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മറ്റ് ജില്ലകളിൽ മിതമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ടും നൽകിയിരുന്നു.
സൗത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ഷഹ്ദര, സെൻട്രൽ ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി തുടങ്ങിയ മേഖലകളിലും ശക്തമായ മഴ ലഭിച്ചു. സൗത്ത്, ന്യൂഡൽഹി, സൗത്ത് വെസ്റ്റ്, വെസ്റ്റ്, നോർത്ത് വെസ്റ്റ്, നോർത്ത് ഡൽഹി മേഖലകളിലും മഴ ശക്തമായിരുന്നു.
റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
ഡൽഹിയിൽ കനത്ത മഴ തുടരുന്നതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ പ്രധാന റോഡുകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അതേസമയം, ഗുരുഗ്രാമിലും ഫരീദാബാദിലും കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഗുരുഗ്രാമിൽ ഓഫീസുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിവച്ചു.
യാത്രക്കാർക്ക് വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്
മോശം കാലാവസ്ഥ തുടരുന്നതിനാൽ വിമാന സർവീസുകളെ ബാധിക്കാമെന്ന് വിവിധ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. കണക്റ്റിങ് ഫ്ലൈറ്റുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് അറിയിപ്പ്.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്നും വിമാനക്കമ്പനികൾ നിർദേശിച്ചു.
ഡൽഹിയിലെ മോശം കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. കാലാവസ്ഥ നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകാൻ പരമാവധി ശ്രമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
സ്പൈസ് ജെറ്റും ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ ചില സർവീസുകളെ ബാധിച്ചേക്കാമെന്ന് അറിയിച്ചു. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാന സർവീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും നിർദേശിച്ചു.
