ന്യൂഡൽഹി: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം സഹപൈലറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ വംശജനായ പൈലറ്റ് ഇടപെട്ട് അപകടം ഒഴിവാക്കിയതായി മാധ്യമ റിപ്പോർട്ടുകൾ. ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകർക്കാൻ ശ്രമിച്ചെന്നാണ് ഇസ്രയേൽ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈ സ്വദേശിയായ സ്മിത് മച്ചാറാണ് വിമാനത്തിന്റെ പൈലറ്റെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ പൈലറ്റുമാരുടെ വ്യക്തിഗത വിവരങ്ങൾ ഫ്ലൈ ദുബായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ സംഘർഷം
ബോയിങ് 737 വിമാനത്തിലാണ് സംഭവമുണ്ടായത്. സഹപൈലറ്റ് പൈലറ്റിനെ കുത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇരുവരും തമ്മിലുള്ള സംഘർഷത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.
ഇതിനിടെ, ഫ്ലൈ ദുബായ് വിമാനം വടക്കൻ സൗദി അറേബ്യയ്ക്ക് മുകളിലെത്തിയപ്പോൾ വഴിതിരിച്ചു. വിമാനം റാഞ്ചിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
സൗദിയിൽ അടിയന്തര ലാൻഡിങ്
എന്നാൽ വിമാനം റാഞ്ചിയതല്ലെന്നും പൈലറ്റുമാർ തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് അടിയന്തരമായി സൗദിയിൽ ഇറക്കുകയായിരുന്നെന്നും ഇസ്രയേൽ അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.
സൗദി അറേബ്യയിലെ തബൂക്കിലാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന ഏകദേശം 180 ഇസ്രയേൽ യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
പൈലറ്റുമാരുടെ പൗരത്വത്തിൽ വ്യത്യസ്ത റിപ്പോർട്ടുകൾ
പൈലറ്റുമാരുടെ വിവരങ്ങളിൽ ഇസ്രയേൽ മാധ്യമങ്ങളിൽ വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പൈലറ്റുമാർ ഒമാൻ, യുഎഇ പൗരന്മാരാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി റോയിട്ടേഴ്സ് പറയുന്നു.
അതേസമയം, പൈലറ്റുമാർ റഷ്യൻ, യുക്രെയ്ൻ പൗരന്മാരാണെന്ന് മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഫ്ലൈ ദുബായ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
34,000 അടി ഉയരത്തിൽനിന്ന് വിമാനം താഴേക്ക്
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, ഏകദേശം രണ്ട് മിനിറ്റിനുള്ളിൽ വിമാനം 34,000 അടി ഉയരത്തിൽനിന്ന് ഏകദേശം 20,000 അടി താഴേക്ക് പതിച്ചു.
യാത്രക്കാർ ഇസ്രയേലിൽ തിരിച്ചെത്തിയ ശേഷം സുരക്ഷാ ഏജൻസികൾ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കും. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
English summary:A Flydubai flight from Dubai to Tel Aviv was diverted and made an emergency landing in Tabuk, Saudi Arabia, following an alleged confrontation between the pilots. Israeli media reported that the co-pilot attempted to take control of the Boeing 737 and crash it, but the pilot intervened. Reports identified the pilot as Mumbai-born Smith Machar, although Flydubai has not officially confirmed the pilots’ identities. Around 180 Israeli passengers were reported safe. Different media reports have given conflicting information about the pilots’ nationalities.
