ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

1 Min Read
1 Min Read

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവും പഞ്ചായത്ത് മെമ്പറുമായ സി. സുജിത്തിനെതിരെ പൊലീസ് കേസെടുത്തു. ശ്രീകൃഷ്ണപുരം സ്വദേശിനിയായ 25-കാരിയുടെ പരാതിയിലാണ് നടപടി.

ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ ചാത്തൻകുന്ന് ചങ്ങുത്തൊടി വീട്ടിൽ സി. സുജിത്ത് (32) ആണ് കേസിലെ പ്രതി. നിലവിൽ ഒളിവിലുള്ള പ്രതിക്കായി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

യുവതിക്ക് സഹകരണ സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചാത്തൻകുന്നിലെ പ്രതിയുടെ വസതിയിലും പീഡനം നടന്നതായും യുവതി ആരോപിക്കുന്നു.

ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സുജിത്ത്, ശ്രീകൃഷ്ണപുരം സഹകരണ ബാങ്കിന് കീഴിലുള്ള നീതി മെഡിക്കൽ ലാബിൽ പി.ആർ.ഒ ആയി ജോലി ചെയ്യുകയാണ്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary:

Police have registered a case against DYFI leader and Sreekrishnapuram Panchayat member C. Sujith following a complaint by a 25-year-old woman. The complainant alleged that he sexually assaulted her after promising her a job in a cooperative institution. The accused is currently absconding, and police have intensified efforts to locate him.

Share This Article