കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ നിക്ഷേപകൻ മരിച്ചു

1 Min Read
1 Min Read

വടകര: കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ വൃദ്ധൻ ചികിത്സയ്ക്കിടെ മരിച്ചു. തിരുവള്ളൂർ ചാനിയംകടവിന് സമീപം ചിരിയം കണ്ടോത്ത് ഇബ്രാഹിംകുട്ടി ഹാജി (71) ആണ് മരിച്ചത്.

ഡി.സി.സി സെക്രട്ടറി ടി.വി. സുധീർകുമാറിന്റെ പഴങ്കാവിലെ വീട്ടിലെത്തിയാണ് ഇബ്രാഹിംകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

ഇബ്രാഹിംകുട്ടിയും സുധീർകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സുധീർകുമാർ നടത്തുന്ന സൊസൈറ്റിയിൽ നിക്ഷേപിച്ച പണം പലതവണ തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ഇബ്രാഹിംകുട്ടിയെ സുധീർകുമാറും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചു.

ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിംകുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിന്റെ 60 ശതമാനത്തിലധികം ഭാഗത്ത് പൊള്ളലേറ്റിരുന്ന അദ്ദേഹം വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.

വിദേശത്ത് ജോലി ചെയ്തിരുന്ന ഇബ്രാഹിംകുട്ടി നാട്ടിലെത്തി വഴിയോര കച്ചവടം നടത്തിവരികയായിരുന്നു. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭാര്യ: ഫൗസിയ. മക്കൾ: അസീന, നൂറ, അനസ്.

English Summary:

A 71-year-old man, Ibrahimkutty Haji, died after setting himself on fire at the residence of DCC Secretary T.V. Sudheer Kumar in Vadakara. Police said the incident was allegedly linked to a financial dispute involving money invested in a society run by the Congress leader. The victim suffered severe burns and later died while undergoing treatment at Kozhikode Medical College Hospital.

Share This Article