കണ്ണൂർ: നിരത്തുകളിലെ സ്വകാര്യ ബസുകളുടെ അമിതവേഗത്തിനും നിയമലംഘനങ്ങൾക്കും തടയിടാൻ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പുതിയ വെബ്സൈറ്റ്. കണ്ണൂർ കാപ്പാട് സ്വദേശി ഋഷികേശ് നിർമിച്ച ‘ഇടിവണ്ടി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ ബസുകളുടെ നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം സൗജന്യമായി റിപ്പോർട്ട് ചെയ്യാം. പ്രവർത്തനം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ 130 പരാതികളാണ് ലഭിച്ചത്.
പുതിയ കാറിനുണ്ടായ അപകടം; ഇടിവണ്ടി വെബ്സൈറ്റിന് പിന്നിലെ പ്രചോദനം
ആശിച്ചുവാങ്ങിയ പുതിയ കാർ അമ്മയെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ അശ്രദ്ധമായി എത്തിയ ബസ് ഇടിച്ച് കേടുപാടുകൾ സംഭവിച്ചതാണ് ഋഷികേശിനെ ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിപ്പിച്ചത്.
കഴിഞ്ഞയാഴ്ച കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് അക്ഷര മരിച്ച സംഭവവും ഭർത്താവിന്റെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പും തീരുമാനത്തിന് കൂടുതൽ പ്രചോദനമായി. ‘ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടേയുള്ളൂ’ എന്ന ഭർത്താവിന്റെ കുറിപ്പ് കണ്ടതോടെ മനസിലുണ്ടായിരുന്ന ആശയം വെബ്സൈറ്റായി യാഥാർഥ്യമാക്കുകയായിരുന്നു.
ഇടിവണ്ടിയിൽ പരാതികൾ നൽകാം; ബസുകൾക്ക് പോയിന്റ് അടിസ്ഥാനത്തിൽ റാങ്കിങ്
ഇടിവണ്ടി.ഇൻ വെബ്സൈറ്റിൽ പ്രവേശിച്ച് ഗതാഗത നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം പൊതുജനങ്ങൾക്ക് സൗജന്യമായി റിപ്പോർട്ട് ചെയ്യാം. ലഭിക്കുന്ന പരാതികളുടെ ഗൗരവം അനുസരിച്ച് ബസുകൾക്ക് പോയിന്റുകൾ നൽകും.
മരണത്തിനിടയാക്കിയ അപകടത്തിന് 10 പോയിന്റും കാൽനടയാത്രക്കാരെ ഇടിച്ചാൽ ഏഴ് പോയിന്റും അപകടമുണ്ടാക്കിയാൽ ആറ് പോയിന്റുമാണ് നൽകുന്നത്.
‘അപകടം ആശാൻ’, ‘ഇടി രാജ’, ‘റാഷ് രാഘവൻ’, ‘മത്സരയോട്ടം ചാമ്പ്യൻ’ തുടങ്ങിയ വിശേഷണങ്ങളും പരാതികളുടെ അടിസ്ഥാനത്തിൽ നൽകും. ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്ന ബസുകൾ ലീഡർബോർഡിൽ ഒന്നാമതെത്തും.
നല്ല ബസ് ജീവനക്കാരെയും അഭിനന്ദിക്കാം
നിയമലംഘനങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനമല്ല ഇടിവണ്ടി. ‘നല്ല വണ്ടി’ എന്ന പ്രത്യേക വിഭാഗത്തിലൂടെ ബസ് ജീവനക്കാരുടെ നല്ല പ്രവൃത്തികളും ചിത്രങ്ങൾ സഹിതം പങ്കുവയ്ക്കാം.
ഇതിലൂടെ മോശം ഡ്രൈവിങ് രീതികൾക്കെതിരെ പ്രതികരിക്കുന്നതിനൊപ്പം മികച്ച സേവനം നടത്തുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും സാധിക്കും.
രണ്ട് പരാതികൾ ലഭിച്ചാൽ ആർ.ടി.ഒയ്ക്ക് കൈമാറും
ഒരു വാഹനത്തിനെതിരെ രണ്ടിലധികം പരാതികൾ ലഭിച്ചാൽ ബന്ധപ്പെട്ട ജില്ലാ ആർ.ടി.ഒ ഓഫീസിലേക്ക് വെബ്സൈറ്റിൽനിന്ന് നേരിട്ട് പരാതി കൈമാറും.
30 ദിവസത്തിനുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ ഓർമ്മപ്പെടുത്തൽ അയയ്ക്കും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ വിവരാവകാശ നിയമപ്രകാരം കാരണം തേടാനും സംവിധാനമുണ്ട്.
പരാതിക്കാരുടെ പേരും ഫോൺ നമ്പറും പരസ്യപ്പെടുത്തില്ല. സൈറ്റ് ഉടമയ്ക്കും മോട്ടോർ വാഹന വകുപ്പിനും മാത്രമേ ഈ വിവരങ്ങൾ കാണാൻ കഴിയൂ.
പരാതി നൽകുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ
നേരിട്ട് കണ്ട സംഭവങ്ങൾ മാത്രമേ വെബ്സൈറ്റിലൂടെ റിപ്പോർട്ട് ചെയ്യാവൂ. വാഹനമോടിക്കുന്നതിനിടെ പരാതികൾ നൽകാൻ പാടില്ല. ഡ്രൈവർമാരുടെയോ കണ്ടക്ടർമാരുടെയോ പേരുകൾ വെളിപ്പെടുത്തുന്നതും വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നതും അനുവദിക്കില്ല.
കണ്ണൂർ കാപ്പാട് സ്വദേശിയായ ഋഷികേശ് നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ 29കാരൻ നിലവിൽ ബംഗളൂരുവിൽ മാർക്കറ്റിങ് ഏജൻസി നടത്തുകയാണ്.
പൂർണമായും സൗജന്യമായി പ്രവർത്തിക്കുന്ന വെബ്സൈറ്റിന് പിന്നിൽ ലാഭേച്ഛയില്ലെന്നും സാങ്കേതികമായി കൂടുതൽ പരിഷ്കരിക്കുമെന്നും ഋഷികേശ് വ്യക്തമാക്കി.
English Summary:
A Kannur-based entrepreneur, Rishikesh, has launched Id Vandi (idivandi.in), a free website that allows the public to report traffic violations by private buses with photographic evidence. The platform received 130 complaints within its first week. Reports are assigned points based on the severity of violations, and buses with the highest complaints appear on a leaderboard. More than two complaints against a vehicle can trigger a direct report to the concerned District RTO. The website also features a section to appreciate good conduct by bus employees. Rishikesh developed the platform with the help of artificial intelligence.
