മാൾട്ട: മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെ കുടുംബത്തിന് പ്രതിസന്ധി ഘട്ടങ്ങളിൽ കരുതലും പരിചരണവും നൽകിയ മലയാളി നഴ്സിന് പാർലമെന്റിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി.
ചാലക്കുടി മേലൂർ സ്വദേശിനിയായ ഗീതു ലൂയിസിനെയാണ് ബജറ്റ് പ്രസംഗത്തിനിടെ അദ്ദേഹം പ്രത്യേകം പരാമർശിച്ചത്.
കുടുംബാംഗങ്ങളുടെ അസുഖകാലത്ത് ഒപ്പം നിന്ന ഗീതുവിന്റെ സേവനങ്ങളെക്കുറിച്ച് വ്യക്തിപരമായ അനുഭവം പങ്കുവെച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
‘നന്ദി ഗീതു’; പാർലമെന്റിൽ പ്രധാനമന്ത്രിയുടെ പരാമർശം
‘എന്റെ പിതാവിനും മാതാവിനും അസുഖം വന്നപ്പോഴും മകൾക്ക് പരിചരണം ആവശ്യമായി വന്നപ്പോഴും ഒരു വിദേശ നഴ്സാണ് ഞങ്ങൾക്ക് തുണയായത്.
അവരുടെ പേര് ഗീതു. നന്ദി ഗീതു, നിങ്ങളുടെ സേവനങ്ങൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു റോബർട്ട് അബേലയുടെ വാക്കുകൾ.
മാൾട്ടയിലെ ആരോഗ്യരംഗത്ത് സേവനമികവുകൊണ്ട് ശ്രദ്ധ നേടിയ ഗീതു മലയാളിയാണെന്നത് കേരളത്തിനും അഭിമാനമായി.
2018ൽ മാൾട്ടയിലെത്തി; കോവിഡ് കാലത്ത് നിർണായക ചുമതല
ചാലക്കുടി മേലൂർ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസിന് 35 വയസ്സാണ്. നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നഴ്സായി ജോലി ചെയ്തിരുന്ന ഗീതു 2018ലാണ് മാൾട്ടയിലെത്തിയത്. പിന്നീട് അവിടത്തെ ആരോഗ്യരംഗത്ത് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു.
കോവിഡ് മഹാമാരി വ്യാപിച്ച കാലത്താണ് ഗീതുവിന്റെ സേവനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ രോഗപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ദൗത്യത്തിന് നഴ്സുമാരെ തേടിയപ്പോൾ പലരും മടിച്ചുനിന്നു. എന്നാൽ ഗീതു ഈ വെല്ലുവിളി ഏറ്റെടുത്തു.
പിന്നീട് കോവിഡ് പരിശോധനാ പ്രവർത്തനങ്ങളുടെ പൂർണ ചുമതല ഗീതുവിനെ ഏൽപിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്തവും അവർ നിർവഹിച്ചു.
അബേല കുടുംബത്തിനൊപ്പം ഒരു വർഷം
ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിലൂടെ മാൾട്ടയിലെ സർക്കാർതലത്തിൽ ഗീതുവിന് വലിയ സ്വീകാര്യത ലഭിച്ചു. ഇതിനിടെയാണ് മാൾട്ടയുടെ മുൻ പ്രസിഡന്റ് ജോർജ് അബേലയ്ക്ക് അപകടത്തിൽ പരിക്കേറ്റത്. അദ്ദേഹത്തിന്റെ പരിചരണത്തിനായി ഔദ്യോഗിക വസതിയിലേക്ക് ഗീതുവിനെ ക്ഷണിച്ചു.
ഏകദേശം ഒരു വർഷത്തോളം അബേല കുടുംബത്തോടൊപ്പം ചെലവഴിച്ച ഗീതു കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അവർക്കൊപ്പം നിന്നത്.
പിന്നീട് പ്രധാനമന്ത്രി റോബർട്ട് അബേലയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോഴും പരിചരണത്തിനായി കുടുംബം ആശ്രയിച്ചത് ഗീതുവിനെയായിരുന്നു.
മാൾട്ടയുടെ വളർച്ചയിൽ വിദേശ തൊഴിലാളികളുടെ പങ്ക്
മാൾട്ടയുടെ വികസനത്തിൽ വിദേശരാജ്യങ്ങളിൽനിന്നെത്തി ജോലി ചെയ്യുന്നവരുടെ സംഭാവന എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഗീതുവിന്റെ സേവനങ്ങൾ എടുത്തുപറഞ്ഞത്.
പ്രൊഫഷണൽ മികവിനൊപ്പം പ്രതിസന്ധി ഘട്ടങ്ങളിൽ കാട്ടിയ ആത്മാർഥതയും കരുതലുമാണ് ഗീതുവിന് അബേല കുടുംബത്തിന്റെ വിശ്വാസം നേടിക്കൊടുത്തത്. മകൾ ടിയാനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഗീതു ഇപ്പോൾ മാൾട്ടയിലാണ് താമസം.
English Summary:
Malta Prime Minister Robert Abela publicly thanked Malayali nurse Geethu Louis during his budget speech in Parliament. Originally from Melur in Chalakudy, Kerala, Geethu supported the Prime Minister’s family during medical emergencies involving his parents, wife and daughter. She moved to Malta in 2018 and played a significant role in coordinating COVID-19 screening operations across 32 hospitals, involving around 300 staff members. Her dedication and care earned her the trust of the Abela family.
