facebook

പുല്ലുവഴി എടത്തി തൃക്ക വനദുർഗ്ഗ കാവിൽ താലപ്പൊലി മഹോത്സവം നവംബർ 22 മുതൽ

2 Min Read

പെരുമ്പാവൂർ: പുല്ലുവഴി എടത്തി തൃക്ക വനദുർഗ്ഗ കാവിൽ പ്രതിഷ്ഠാദിനവും അശ്വതി, ഭരണി, തൃക്കാർത്തിക താലപ്പൊലി മഹോത്സവവും നവംബർ 22, 23, 24 തീയതികളിൽ നടക്കും. തന്ത്രി ബ്രഹ്മശ്രീ രാമൻ എമ്പ്രാന്തിരി, മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. പൂജകൾ, ഭജന, നൃത്തസന്ധ്യ, പൊങ്കാല, വിവിധ കലാപരിപാടികൾ, താലപ്പൊലി ഘോഷയാത്ര എന്നിവയാണ് മൂന്ന് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്.

നവംബർ 22ന് പ്രതിഷ്ഠാദിന കലശാഭിഷേകം

ഒന്നാം ഉത്സവദിനമായ 22ന് രാവിലെ അഞ്ചിന് നടതുറപ്പും നിർമാല്യദർശനവും നടക്കും. തുടർന്ന് അഷ്ടാഭിഷേകം, ഗണപതിഹോമം, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയും 10.30ന് പ്രതിഷ്ഠാദിന കലശാഭിഷേകവും നടക്കും. ഉച്ചയ്ക്ക് 12ന് പ്രസാദഊട്ടുണ്ടാകും.

വൈകീട്ട് 6.45ന് ദീപാരാധനയും പൂമൂടലും നടക്കും. തുടർന്ന് പുല്ലുവഴി ത്രിനേത്ര ഡാൻസ് സ്കൂളിലെ അനുപമ മോഹൻ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. രാത്രി 8.15ന് അത്താഴഊട്ടും 8.30ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.

23ന് സർപ്പപൂജയും ഭജനയും

രണ്ടാം ഉത്സവദിനമായ 23ന് പതിവ് പൂജകൾക്കു പുറമെ രാവിലെ 10ന് സർപ്പപൂജയും നൂറും പാലും ചടങ്ങും നടക്കും. ഉച്ചയ്ക്ക് 12ന് പ്രസാദഊട്ടുണ്ടാകും.

വൈകീട്ട് ഏഴിന് വൈക്കം ശിവഹരി ഭജൻസിന്റെ ഭജന നടക്കും. 7.45ന് കുങ്കുമാഭിഷേകവും 8.10ന് ആലിങ്ങലമ്മ പെരിഞ്ഞനം അവതരിപ്പിക്കുന്ന വീരനാട്യവും അരങ്ങേറും. രാത്രി 8.30ന് അത്താഴഊട്ടും ഉണ്ടായിരിക്കും.

24ന് പൊങ്കാലയും താലപ്പൊലി ഘോഷയാത്രയും

സമാപന ദിവസമായ തൃക്കാർത്തിക ദിനത്തിൽ രാവിലെ 7.30ന് നാരായണീയ പാരായണവും 9.30ന് ഭഗവതിക്ക് പൊങ്കാലയും നടക്കും. ഉച്ചയ്ക്ക് 12ന് പ്രസാദഊട്ടുണ്ടാകും.

വൈകീട്ട് 5.45ന് വിവിധ ക്ഷേത്ര-ദേശങ്ങളിൽനിന്നുള്ള താലപ്പൊലി ഘോഷയാത്രകൾ കുറ്റിക്കാട്ട് ഗോപുരനടയിലെത്തി സംഗമിക്കും. എടത്തി തൃക്കാദേശം, ശിവഭുവനേശ്വരി ക്ഷേത്രം, പഴയവീട്ടിൽ ഭഗവതി ക്ഷേത്രം, ജയകേരളം ദേശം എന്നിവിടങ്ങളിൽനിന്നുള്ള ഘോഷയാത്രകൾ പുല്ലുവഴി കവല വഴി ക്ഷേത്രസന്നിധിയിലെത്തും.

കലാരൂപങ്ങളും മേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും

മന്നം ശ്രീകാർത്തികേയയുടെ കാവടി, തൃശൂർ ചിലമ്പ് കലാസമിതിയുടെ ശിങ്കാരിമേളം, കോട്ടയം രാഗധ്വനി കലാസമിതിയുടെ പമ്പമേളവും നാദസ്വരവും, തൃശൂർ ഹരിശ്രീയുടെ കലാരൂപങ്ങൾ, ആലപ്പുഴ മാന്നാർ ശ്രീ ഭദ്ര കലാസമിതിയുടെ കരകാട്ടം എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും.

തുടർന്ന് ദീപാരാധനയും രാത്രി 7.30ന് അത്താഴപൂജയും നടക്കും. 8.30ന് അത്താഴഊട്ടിനു ശേഷം രാത്രി 10.30ന് നട അടച്ച് ദക്ഷിണ നൽകുന്നതോടെ മൂന്ന് ദിവസത്തെ ഉത്സവത്തിന് സമാപനമാകും.

English Summary:

The annual Prathishta Dinam and Thalappoli festival at Edathi Thrikka Vanadurga Kavu in Pulluvazhi, near Perumbavoor, will be celebrated from November 22 to 24. The three-day programme includes special rituals, Kalashabhishekam, Sarpa Pooja, bhajans, dance performances, Pongala and a grand Thalappoli procession featuring traditional music and art forms. The festival will conclude on November 24 after the evening rituals.

Share This Article