facebook

വിജയ് ആന്റണി ചെരുപ്പ് ധരിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഫാത്തിമ

3 Min Read

മൂത്ത മകൾ മീരയുടെ വിയോഗത്തിന് ശേഷം വിജയ് ആന്റണി ചെരുപ്പ് ധരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യയും നിർമാതാവുമായ ഫാത്തിമ വിജയ് ആന്റണി.

മകളുടെ വിയോഗത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫാത്തിമ.

എം. മരൻ സംവിധാനം ചെയ്യുന്ന വിജയ് ആന്റണിയുടെ പുതിയ ചിത്രം ‘അപ്പകുട്ടി’ യുടെ പ്രീ-റിലീസ് പരിപാടിയിലായിരുന്നു വൈകാരികമായ വെളിപ്പെടുത്തൽ.

മീര കോളേജിൽ പോകാൻ തയ്യാറെടുക്കുമ്പോൾ ലണ്ടൻ, യു.എസ്. തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വാങ്ങിനൽകിയ നിരവധി ജോഡി ചെരുപ്പുകൾ വീട്ടിലുണ്ടായിരുന്നെന്ന് ഫാത്തിമ പറഞ്ഞു.

മകൾ ഉപയോഗിക്കാതെ അവ അതേപടി കിടക്കുന്നത് വലിയ നഷ്ടത്തിന്റെ വേദന നിരന്തരം ഓർമിപ്പിക്കുന്നതായി അവർ പറഞ്ഞു.

ചെരുപ്പ് ഉപേക്ഷിച്ചതിന്റെ കാരണം

മീരയുടെ ചെരുപ്പുകൾ കണ്ടതിനു പിന്നാലെയാണ് ജീവിതകാലം മുഴുവൻ ചെരുപ്പ് ധരിക്കില്ലെന്ന് വിജയ് ആന്റണി തീരുമാനിച്ചതെന്ന് ഫാത്തിമ വ്യക്തമാക്കി.

ലണ്ടൻ, പാരീസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ സംഗീത കച്ചേരികളിൽ പങ്കെടുക്കുമ്പോൾ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമാണ് അദ്ദേഹം ചെരുപ്പ് ധരിക്കുന്നതെന്നും പരിപാടി കഴിഞ്ഞാൽ ഉടൻ അഴിച്ചുമാറ്റുമെന്നും അവർ പറഞ്ഞു.

മീരയെ നഷ്ടപ്പെട്ടതിന് ശേഷം താൻ കടുത്ത മാനസികാവസ്ഥയിലായിരുന്നുവെന്നും ഫാത്തിമ പറഞ്ഞു.

ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഒരു പ്രസ് മീറ്റിനായി പൊതുവേദിയിൽ എത്തിയതെന്നും, വിജയ് ആന്റണിയും അടുത്ത സുഹൃത്തുക്കളുമാണ് വീണ്ടും പൊതുജീവിതത്തിലേക്ക് വരാൻ പിന്തുണ നൽകിയതെന്നും അവർ വ്യക്തമാക്കി.

വാച്ചുകളും ഉപേക്ഷിച്ചു

റാഡോ, റോളക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ വാച്ചുകളുടെ വലിയ ശേഖരം വിജയ് ആന്റണിക്കുണ്ടായിരുന്നുവെന്നും ഫാത്തിമ പറഞ്ഞു.

എന്നാൽ മകളുടെ വിയോഗത്തിന് ശേഷം അവയെല്ലാം അദ്ദേഹം ഉപേക്ഷിച്ചു.മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചാണ് ഇപ്പോൾ വിജയ് ആന്റണി ഉപയോഗിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു.

മകൾക്ക് ആഗ്രഹമുണ്ടായിരുന്നതിനാൽ താൻ വാങ്ങിനൽകിയ ഏകദേശം 4,000 രൂപ വിലയുള്ള സെൽഫോൺ വാച്ചാണിതെന്നും അവർ വ്യക്തമാക്കി.

സ്മാർട്ട് വാച്ച് ഉപയോഗിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് തയ്യാറാകുന്നില്ലെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.

വേദിയിൽ ലാരയും വിജയ് ആന്റണിയും

വിജയ് ആന്റണിയുടെയും ഫാത്തിമയുടെയും ഇളയ മകൾ ലാരയും ആദ്യമായി പൊതുവേദിയിൽ സംസാരിച്ചു. മൂത്ത മകൾ മീരയെ ഇത്തരമൊരു വേദിയിൽ സംസാരിപ്പിക്കാൻ കഴിയാതെ പോയത് വലിയ നഷ്ടമാണെന്ന് വിജയ് ആന്റണി വികാരാധീനനായി പറഞ്ഞു.

വളരെ നാണക്കാരിയായ ലാര വേദിയിൽ സംസാരിക്കുമോ എന്ന് കരുതിയിരുന്നെങ്കിലും അവൾ മനോഹരമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും വിജയ് ആന്റണി പറഞ്ഞു.

ചിത്രത്തിനായി അച്ഛൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും, ഒരു കുട്ടിയോടുള്ള അച്ഛന്റെ സ്നേഹമാണ് സിനിമ പറയുന്നതെന്നും ലാര പറഞ്ഞു.

അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘അപ്പകുട്ടി’ നവംബർ 20-ന് തിയറ്ററുകളിലെത്തും.2023-ലാണ് വിജയ് ആന്റണിയുടെ 16-കാരിയായ മൂത്ത മകൾ മീര മരിച്ചത്.

മകളുടെ വിയോഗത്തിന് ശേഷം ജീവിതത്തിലെ പ്രതിസന്ധികളിൽ പാറപോലെ ഉറച്ച പിന്തുണ നൽകിയ ഭാര്യ ഫാത്തിമയാണ് വിജയ് ആന്റണി ഫിലിം കോർപ്പറേഷന്റെ പിന്നിലെ പ്രധാന ശക്തിയെന്നും വിജയ് ആന്റണി വേദിയിൽ പറഞ്ഞു.

English Summary : Vijay Antony’s wife and producer Fathima Vijay Antony revealed why the actor has stopped wearing shoes and expensive watches following the death of their daughter Meera. She said he decided to stop wearing shoes after seeing the pairs bought for Meera, who died in 2023. Fathima and their younger daughter Lara spoke publicly at the pre-release event of Vijay Antony’s upcoming film Appakutty.

Share This Article