മഞ്ചേരി: വസ്ത്രവ്യാപാരിയാണെന്ന് പരിചയപ്പെടുത്തി ആളുകളെ വിശ്വസിപ്പിക്കുകയും ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തുകയും ചെയ്തിരുന്ന പ്രതി അറസ്റ്റിൽ. തേഞ്ഞിപ്പലം 14-ാം മൈൽ കിഴക്കേക്കോട്ടായി സൈനുദ്ദീൻ (43) ആണ് പിടിയിലായത്. വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ നൂറോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വസ്ത്രവ്യാപാരിയെന്ന് പരിചയപ്പെടുത്തി വീടുകൾ കണ്ടെത്തും
മഞ്ചേരി നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന പ്രതി ആളില്ലാത്ത വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്. വസ്ത്രവ്യാപാരിയാണെന്ന് പറഞ്ഞ് ആളുകളുമായി പരിചയം സ്ഥാപിക്കുകയും ഇതിലൂടെ വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
മോഷണം നടത്തിയശേഷം തെളിവുകൾ നശിപ്പിച്ച് അടുത്ത കവർച്ച ആസൂത്രണം ചെയ്യുന്നതായിരുന്നു രീതി. ഒരു പ്രദേശത്ത് മോഷണം നടത്തിയാൽ മറ്റൊരു ജില്ലയിലേക്ക് മാറി ആഡംബര ജീവിതം നയിക്കുമെന്നും പൊലീസ് പറഞ്ഞു.
ആഡംബര കാറിൽ കറങ്ങി വീടുകൾ കണ്ടെത്തും
ആഡംബര കാറുകളിൽ സഞ്ചരിച്ചാണ് മോഷണത്തിനുള്ള വീടുകൾ കണ്ടെത്തിയിരുന്നത്. തുടർന്ന് അർധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തി മുഖം മറച്ച് വീടുകളിൽ കയറി മോഷണം നടത്തും.
പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വാടകവീടുകളിൽ താമസിച്ചിരുന്നു. മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾ കാവനൂരിനു സമീപം കോടികൾ വിലമതിക്കുന്ന ആഡംബര വീടും നിർമിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
2024ൽ ജാമ്യത്തിലിറങ്ങി; അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്
പാലക്കാട് ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയായ സൈനുദ്ദീൻ 2024ൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയിരുന്നു. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനരീതിയിൽ മോഷണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്നാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.
പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ്
ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉബൈദുല്ല, സാലിം, സിപിഒമാരായ ധനേഷ്, ബിജു, മുജീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary:
Police arrested Sainudheen (43), a native of Thenhipalam, in Manjeri for allegedly targeting unoccupied houses for theft. Police said he had around 100 cases registered against him across different districts. He reportedly posed as a textile trader to gain people’s trust, identified houses while travelling in luxury cars and carried out burglaries at night. He was remanded after being produced before the court.
