ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽനിന്ന് നഷ്ടമായ പണം ബാങ്ക് തിരിച്ചുനൽകണമെന്ന് ഡൽഹി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
നഷ്ടമായ 70,000 രൂപയ്ക്ക് പുറമെ 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും സ്വകാര്യ ബാങ്ക് നൽകണമെന്നാണ് നിർദേശം.
ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലാതിരിക്കുകയും തട്ടിപ്പ് വിവരം സമയബന്ധിതമായി ബാങ്കിനെ അറിയിക്കുകയും ചെയ്താൽ പണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ബാങ്കിനായിരിക്കുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസത്തിനകം അറിയിച്ചാൽ ബാങ്കിന് ഉത്തരവാദിത്വം
റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പ്രകാരം, അക്കൗണ്ടുടമയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല പണം നഷ്ടപ്പെടാൻ കാരണമെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ബാങ്കിനെ വിവരം അറിയിക്കേണ്ടതുണ്ട്.
മൂന്ന് ദിവസത്തിനകം തട്ടിപ്പ് വിവരം അറിയിച്ചാൽ ബാധകമായ ചട്ടങ്ങൾ പ്രകാരം ബാങ്കിന് ഉത്തരവാദിത്വമുണ്ടാകാമെന്നാണ് കോടതി വ്യക്തമാക്കിയത്.
പരാതി നൽകിയിട്ടും പണം തിരിച്ചുനൽകിയില്ല
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരി ബാങ്കിനെ ഉടൻ അറിയിച്ചിരുന്നു. എന്നിട്ടും നഷ്ടമായ തുക തിരിച്ചുനൽകാൻ ബാങ്ക് തയ്യാറായില്ലെന്ന് കമ്മിഷൻ കണ്ടെത്തി.
പരാതിക്കാരിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് പണം നഷ്ടപ്പെടാൻ കാരണമായതെന്ന് തെളിയിക്കാനും ബാങ്കിന് സാധിച്ചില്ല.
ഇതോടെയാണ് നഷ്ടമായ തുക തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്.
English Summary:
The Delhi District Consumer Disputes Redressal Commission has directed a private bank to refund ₹70,000 lost by a customer in an online fraud, along with ₹25,000 as compensation and litigation costs. The commission noted that the customer had promptly informed the bank and that the bank failed to establish any negligence on the customer’s part. RBI guidelines on reporting unauthorised electronic transactions were also considered.
