ശ്രീഹരിക്കോട്ട: പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV) പരിഷ്കരിച്ച മൂന്നാം ഘട്ടത്തിൽ (PS3) നിർണായക സ്റ്റാറ്റിക് പരീക്ഷണം വിജയകരമായി നടത്തി ഐഎസ്ആർഒ.
നവംബർ 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (SDSC SHAR) വെച്ചായിരുന്നു പരീക്ഷണം. പിഎസ്എൽവി സി61/ഇഒഎസ്-09, പിഎസ്എൽവി സി62/ഇഒഎസ്-എൻ1 ദൗത്യങ്ങളിലുണ്ടായ അപാകതകൾക്കു പിന്നാലെയാണ് മൂന്നാം ഘട്ടത്തിന്റെ രൂപകൽപ്പനയും ഘടനയും പരിഷ്കരിച്ച് ഐഎസ്ആർഒ പരീക്ഷണം നടത്തിയത്.
പിഎസ്എൽവി മൂന്നാം ഘട്ടത്തിൽ മാറ്റങ്ങൾ
മൂന്നാം ഘട്ടത്തിന്റെ രൂപകൽപ്പന വീണ്ടും വിലയിരുത്തിയ ഐഎസ്ആർഒ, വിവിധ ഭാഗങ്ങളിൽ കൂടുതൽ കരുത്തും സുരക്ഷയും ഉറപ്പാക്കുന്ന മാറ്റങ്ങൾ വരുത്തി.
നോസിലിന്റെ രൂപകൽപ്പനയിൽ അധിക സുരക്ഷാ മാർജിനുകൾ ഉൾപ്പെടുത്തി. മെക്കാനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം അധിക സീലിങ് സംവിധാനങ്ങളും ഒരുക്കി.
അസംബ്ലി നടപടികളിലും പരിശോധനകളിലും പരിഷ്കാരം
അസംസ്കൃത വസ്തുക്കൾ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും ഘട്ടത്തിന്റെ അസംബ്ലി നടപടികളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
നാശനഷ്ടങ്ങളില്ലാതെ ഘടകങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ് (NDT) നടപടിക്രമങ്ങളും പുതുക്കി.
തുടർപരിശോധനകൾക്ക് ഐഎസ്ആർഒ
നിലവിലെ സ്റ്റാറ്റിക് പരീക്ഷണത്തിൽനിന്നുള്ള വിവരങ്ങൾ വിശദമായി വിശകലനം ചെയ്തശേഷം തുടർപരിശോധനകൾ നടത്താനാണ് ഐഎസ്ആർഒയുടെ പദ്ധതി.
അവലോകനങ്ങൾക്കുശേഷം കൂടുതൽ വാലിഡേഷൻ ടെസ്റ്റുകളും നടത്തും.പിഎസ്എൽവി റോക്കറ്റിന്റെ വിശ്വാസ്യത പൂർണമായി വീണ്ടെടുക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം.
English Summary : ISRO successfully conducted a ground static test of the modified third stage (PS3) of its Polar Satellite Launch Vehicle (PSLV) at the Satish Dhawan Space Centre in Sriharikota on November 12, 2026. The stage underwent design and procedural upgrades following anomalies in the PSLV-C61/EOS-09 and PSLV-C62/EOS-N1 missions. ISRO plans further validation tests after analysing the test data and conducting reviews.
